പ്രഫ. പ്രസാദ് കൃഷ്ണ എൻ.ഐ.ടി ഡയറക്ടറായി ചുമതലയേറ്റു
text_fieldsചാത്തമംഗലം: പ്രഫ. പ്രസാദ് കൃഷ്ണ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) ഡയറക്ടറായി തിങ്കളാഴ്ച ചുമതലയേറ്റു. ഒരു വർഷത്തിലേറെയായി ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഓട്ടോമൊബൈൽ നിർമാണം, പ്രിസിഷൻ മെഷീൻ ടൂൾ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ്, മെറ്റൽ കാസ്റ്റിങ്, ബഹിരാകാശ ഗവേഷണം, അധ്യാപനം തുടങ്ങി നിരവധി മേഖലകളിൽ കൃഷ്ണയ്ക്ക് 37 വർഷത്തിലേറെ പ്രൊഫഷണൽ അനുഭവമുണ്ട്.
എൻ.ഐ.ടി -സുരത്കലിൽനിന്ന് (മുമ്പ് കർണാടക റീജിയണൽ എഞ്ചിനീയറിംഗ് കോളേജ്) ബി ടെക് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ (1983) ഒന്നാം റാങ്ക് നേടിയതിന് മൈസൂർ സർവകലാശാലയിൽ നിന്ന് കിർലോസ്കർ ഗോൾഡ് മെഡലും സർ എം. വിശ്വേശ്വരയ്യ മെമ്മോറിയൽ സമ്മാനവും നേടിയിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ മികച്ച അക്കാദമിക് പ്രകടനത്തിന് രണ്ട് വെള്ളി മെഡലുകളും പ്രഫ. സെൻ ഗുപ്റ്റോ സമ്മാനവും നേടി.
മദ്രാസ് ഐ.ഐ.ടിയിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പിന്നീട്, യു.എസ്.എയിലെ ആൻ ആർബറിലെ മിഷിഗൺ യൂനിവാഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. പ്രഫ. കൃഷ്ണ ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെൻറ് (ഡി.ആർ.ഡി.ഒ), തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻറർ (ഐ.എസ്.ആർ.ഒ) എന്നിവിടങ്ങളിൽ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിംഗപ്പൂർ നാഷനൽ യൂനിവേഴ്സിറ്റിയിൽ ഗവേഷണ സഹായി കൂടിയായിരുന്നു ഇദ്ദേഹം. എൻ.ഐ.ടിയിൽ പ്രഫസറായി സേവനം തുടങ്ങുന്നതിനുമുമ്പ് കൊച്ചി എച്ച്.എം.ടിയിൽ ഡിസൈൻ എൻജിനീയറായി സേവനം ചെയ്തിട്ടുണ്ട്.
2005-2008ൽ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷെൻറ മെമ്പർ സെക്രട്ടറിയായിരുന്നു. അക്കാദമിക് മികവിന് നിരവധി ബഹുമതികളും അവാർഡുകളും നേടിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി വിവിധ ജേണലുകളിലും കോൺഫറൻസ് നടപടികളിലും 120 ലധികം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും 10 പി.എച്ച്ഡികൾക്ക് മേൽനോട്ടം വഹിക്കുകയും നിലവിൽ അഞ്ച് ഗവേഷണ വിദ്യാർഥികളെ നയിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.