പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല -പ്രഫ. ടി.ജെ. ജോസഫ്
text_fieldsതൊടുപുഴ: പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന് ചോദ്യപേപ്പര്‍ വിവാദത്തെ തുടർന്ന് ആക്രമണത്തിനിരയായ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകൻ പ്രഫ. ടി.ജെ. ജോസഫ്. തെന്റ കൈവെട്ടിയ കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തിയ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നു എന്നു മാത്രമേ അതിൽ ഉള്ളൂ. പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങളൊന്നുമില്ല. പ്രതികളും എന്നെ പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിന്റെ പേരിലാണത്രെ അവരെന്നെ ഉപദ്രവിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഗോത്രവർഗക്കാരുടെ ഇടയിൽ നിലനിന്നിരുന്ന വിശ്വാസത്തിന്റെ ഇരയാക്കപ്പെട്ട എന്നെ പോലെ തന്നെ അവരും ആ വിശ്വാസത്തിന് ഇരയായിരുന്നു. കേസിലെ ഒന്നാം പ്രതിയെ കണ്ടെത്താത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണ്. ഗൂഢാലോചന നടത്തിയവരാണ് യഥാർഥ കുറ്റവാളികൾ’ -ടി.ജെ. ജോസഫ് പറഞ്ഞു.
കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ എൻ.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്കർ, അഞ്ച് പ്രതികളെ വെറുതേവിട്ടു. രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര തോട്ടത്തിക്കുടി വീട്ടില്‍ സജിൽ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ എം.കെ. നാസർ (48), അഞ്ചാം പ്രതി ആലുവ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ.എ. നജീബ് (42), കുഞ്ഞുണ്ണിക്കര മണ്ണർകാട് വീട്ടിൽ എം.കെ. നൗഷാദ് (48), കുഞ്ഞുണ്ണിക്കര പുലിയത്ത് വീട്ടിൽ പി.പി. മൊയ്തീൻകുഞ്ഞ് (60), ആലുവ തായിക്കാട്ടുകര പണിക്കരുവീട്ടിൽ പി.എം. അയ്യൂബ് (48) എന്നിവരാണ് കുറ്റക്കാർ.
നാലാം പ്രതി ഓടക്കാലി ഏക്കുന്നം തേലപ്പുറം വീട്ടിൽ ഷഫീഖ് (31), ഓടക്കാലി ഏക്കുന്നം കിഴക്കനായിൽ വീട്ടിൽ അസീസ് ഓടക്കാലി (36), ആലുവ തോട്ടക്കാട്ടുകര മാട്ടുപ്പടി വീട്ടിൽ മുഹമ്മദ് റാഫി (40), ആലുവ വെളിയത്തുനാട് കരിമ്പനക്കൽ വീട്ടിൽ സാബു എന്ന ടി.പി. സുബൈർ (40), ആലുവ കുന്നത്തേരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മൻസൂർ (52) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.
രണ്ടാം ഘട്ടത്തിൽ വിചാരണ നേരിട്ട 11 പ്രതികളിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഒന്നാം പ്രതി പെരുമ്പാവൂർ അശമന്നൂർ മുണ്ടശ്ശേരി വീട്ടിൽ സവാദ് (33) സംഭവം നടന്നതു മുതൽ ഒളിവിലാണ്. ഇയാൾ മാത്രമാണ് പിടിയിലാവാനുള്ളത്.
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയിൽ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.