പ്രതികൾക്ക് എന്ത് ശിക്ഷ ലഭിച്ചു എന്നത് തന്നെ ബാധിക്കില്ലെന്ന് പ്രഫ. ടി.ജെ. ജോസഫ്
text_fieldsതൊടുപുഴ: കൈവെട്ട് കേസിൽ കോടതി പ്രതികൾക്ക് വിധിച്ച ശിക്ഷ കുറഞ്ഞു പോയോ കൂടി പോയോ എന്നുള്ളത് നിയമപണ്ഡിതർ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രഫ. ടി.ജെ. ജോസഫ്. കോടതിയെ സംബന്ധിച്ച് ഒരു നടപടിക്രമം പൂർത്തിയായി. പ്രത്യേകിച്ച് ഭാവഭേദമില്ലെന്നും കോടതി വിധി അങ്ങനെ നടപ്പിലായെന്നും ടി.ജെ. ജോസഫ് വ്യക്തമാക്കി.
വിധി എന്താണ് എന്നല്ലാതെ അത് വികാരപരമല്ല. തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് ഞാൻ മനസിലാക്കുന്നത്. അപ്പോൾ പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടായോ ഇല്ലയോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർ വികശലനം ചെയ്യട്ടേ -ടി.ജെ. ജോസഫ് പറഞ്ഞു.
പ്രാകൃത വിശ്വാസങ്ങൾ മാറട്ടെ, ആധുനിക മനുഷ്യർ ഉണ്ടാകട്ടെ. അമിത ഭയമില്ല. സാധാരണ ജീവികളുടേതു പോലെ ജീവഭയം മാത്രമാണുള്ളത്. മുഖ്യപ്രതിയെ പിടികൂടാത്തത് നിയമ സംവിധാനത്തിന്‍റെ പരാജയമാകാം. അല്ലെങ്കിൽ സംരക്ഷിക്കുന്നവരുടെ സാമർഥ്യമാകാം. നഷ്ടപരിഹാരം നേരത്തെ തരേണ്ടതാണ്. അക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം വേണ്ടെന്ന് പറയില്ല.
രാജ്യത്ത് ഒരു പൗരന് സ്വതന്ത്രമായി വിഹരിക്കാൻ പറ്റില്ലെന്നും ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും കാണിക്കുന്നതാണ് സർക്കാർ നൽകിയിട്ടുള്ള പൊലീസ് സുരക്ഷ. മൂന്നു തവണ അപായപ്പെടുത്താൻ ശ്രമിച്ച സമയത്ത് രേഖാമൂലം പരാതി നൽകിയെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയില്ല. ആക്രമണം നടന്ന ശേഷമാണ് പൊലീസ് സംരക്ഷണം ലഭിച്ചത്. ജീവഭയമില്ലാതെ ആർക്കും രാജ്യത്തിലൂടെ സഞ്ചരിക്കാനുള്ള അവസ്ഥയാണ് സംജാതമാകേണ്ടത്. അതിനാണ് ഭരണകർത്താക്കൾ അടക്കമുള്ളവർ പരിശ്രമിക്കേണ്ടത്.
തന്‍റെ വിഷയത്തിൽ സഭക്കോ ജോലി ചെയ്ത സ്ഥാപനത്തിനോ പശ്ചാത്താപം ഉണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. ജോലിയിൽ നിന്ന് പിരിച്ചുവിട്ട സമയത്ത് വിഷമം തോന്നിയിരുന്നു. ആക്രമിച്ചവരെക്കാൾ വേദനിപ്പിച്ചത് തന്നെ പിരിച്ചുവിട്ട നടപടിയാണ് - ടി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.