കോളജുകളിൽ പ്രഫസർ നിയമനത്തിന് 152 പേർ; ഇന്റർവ്യൂ 14ന് തുടങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജ് അധ്യാപകർക്ക് പ്രഫസർ പദവി അനുവദിക്കുന്നതിനുള്ള ഇന്റർവ്യൂ മാർച്ച് 14 മുതൽ 18 വരെ നടത്തും. 152 അധ്യാപകരാണ് പ്രഫസർ പദവിക്ക് അപേക്ഷിച്ചത്. അതിൽ 20 പേർ സർവിസിൽനിന്ന് വിരമിച്ചവരാണ്.
ഇന്റർവ്യൂ അടുത്തതോടെ പ്രഫസർ പദവിക്ക് യോഗ്യത നേടാൻ സമർപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളെ കോപ്പിയടി പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് മേൽ അധ്യാപക സംഘടന നേതാക്കളുടെ സമ്മർദം ശക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇവർ നിവേദനം സമർപ്പിച്ചിരിക്കുകയാണെന്നും ഇത് അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകി.
യു.ജി.സിയുടെ അംഗീകൃത ജേണൽ പട്ടികയിലുള്ള 10 ഗവേഷണ പ്രസിദ്ധീകരണങ്ങളുള്ളവരെ മാത്രമേ പ്രഫസർ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാൻ പാടുള്ളൂവെന്നാണ് യു.ജി.സി ചട്ടം. എന്നാൽ 2016 മുതൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചെന്ന വ്യാജരേഖ തയാറാക്കി നൽകുന്ന ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുടെ ജേണലുകളാണ് ഏറെ അധ്യാപകരും അപേക്ഷകളോടൊപ്പം സമർപ്പിച്ചത്. ഈ പ്രസിദ്ധീകരണങ്ങളിലെ കോപ്പിയടി (േപ്ലജിയറിസം) പരിശോധിക്കരുതെന്നാണ് അധ്യാപകരുടെ ആവശ്യം. പരിശോധിച്ചാൽ ഗവേഷണ പ്രസിദ്ധീകരണങ്ങളിലെ പകർത്തിയെഴുത്ത് കണ്ടുപിടിക്കപ്പെടും. ഗവേഷണ ലേഖനങ്ങളുടെ ഡിജിറ്റൽ പകർപ്പ് മാർച്ച് ഏഴിന് മുമ്പ് പരിശോധനക്ക് എത്തിക്കണമെന്ന് പ്രിൻസിപ്പൽമാർക്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് സന്ദേശം അയച്ചിട്ടുണ്ട്. 2018ൽ യു.ജി.സി കോളജ് അധ്യാപകർക്ക് പ്രഫസർ പദവി അനുവദിച്ചെങ്കിലും കേരളത്തിൽ 2021ലാണ് നടപ്പാക്കിയത്. സർവിസിലുള്ളവരെ മാത്രമേ ഇൻറർവ്യൂവിന് ക്ഷണിക്കാൻ യു.ജി.സി ചട്ടത്തിൽ വ്യവസ്ഥയുള്ളൂ. എന്നാൽ കാലിക്കറ്റ്, എം.ജി സർവകലാശാലകൾ വിരമിച്ചവർക്കും മുൻകാലപ്രാബല്യത്തിൽ പ്രഫസർ പദവി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സമാനമായി സർക്കാർ കോളജിൽനിന്ന് വിരമിച്ചവർക്ക് പ്രഫസർ പദവി നൽകണമെന്ന് അധ്യാപക സംഘടന സർക്കാറിൽ സമ്മർദം ചെലുത്തുന്നുണ്ട്.
പ്രഫസർ തസ്തികക്ക് അപേക്ഷയോടൊപ്പം അധ്യാപകർ സമർപ്പിച്ച 2016 മുതലുള്ള എല്ലാ ഗവേഷണ പ്രസിദ്ധീകരണങ്ങളും ഇന്റർവ്യൂവിന് മുമ്പ് കേരളസർവകലാശാലയിൽ ലഭ്യമായ സോഫ്റ്റ്വെയറുകളിൽ പരിശോധിക്കണമെന്നും വിരമിച്ചവരെ പ്രഫസർ പ്രമോഷന് പരിഗണിക്കരുതെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.