പെൻഷൻ ‘പറ്റാത്ത’ പ്രഫസറുടെ ജീവിതം
text_fieldsസംസ്ഥാനത്തെ പെൻഷൻ വിതരണത്തിന്റെ ആവശ്യകതയെപ്പറ്റിയും ക്ഷേമപെൻഷൻ വിതരണത്തിലെ കടുത്ത താളപ്പിഴകളെക്കുറിച്ചും വലിയ ചർച്ചകൾ സമീപകാലത്ത് വ്യാപകമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സാധ്യമാവുന്നതിന് പെൻഷൻ എന്ന പിന്തുണ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് പറയാനാണ് ഈ കുറിപ്പ്. കേരളത്തിൽ സർക്കാർ കോളജ് അധ്യാപകനായി 35 വർഷം ജോലി ചെയ്ത് വിരമിച്ച് വർഷം 18 കഴിഞ്ഞിട്ടും ഒരു രൂപപോലും സർവിസ് പെൻഷനോ അനുബന്ധ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലാത്ത കേരളത്തിലെ അപൂർവം ചിലരിൽ ഒരാളെന്ന നിലയിൽ അതു പറയാനുള്ള എല്ലാ അവകാശവും ഇതെഴുതുന്നയാൾക്കുണ്ട്.
കേരള സർവകലാശാലാ മാധ്യമ പഠന വകുപ്പിൽനിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ മറ്റൊരു പി.ജി ഡിഗ്രിയും നേടി, നാലു വർഷത്തോളം മാധ്യമങ്ങളിൽ ജോലി ചെയ്തശേഷം, 1989ലാണ് കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് കോളജിൽ, പി.എസ്.സി നിയമനം വഴി ജേണലിസം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. പഴയ കണക്കു പ്രകാരം, ജോലിഭാരത്തിൽ ഒരു മണിക്കൂർ കുറവുള്ളതിനാൽ ‘പാർട്ട്ടൈം’ എന്ന ലേബലിൽ, 1989 മുതൽ 1996 വരെ സഹപ്രവർത്തകർക്ക് ലഭിക്കുന്നതിന്റെ മൂന്നിൽ ഒന്നിലും താഴെ ശമ്പളത്തിൽ ജോലി ചെയ്യേണ്ടിവന്നു. ഓണറേറിയം എന്നു വിശേഷിപ്പിക്കപ്പെട്ട ഈ തുക പ്രൈമറി അധ്യാപകരുടെ വേതനത്തെക്കാൾ പരിതാപകരമായിരുന്നു. പിന്നീട് സർവിസിൽനിന്ന് വിരമിക്കുംവരെ (2006) മറ്റുള്ളവരുടെ പകുതി ശമ്പളത്തിലാണ് ജോലി ചെയ്തത്.
കാലിക്കറ്റ് സർവകലാശാല, 1995 ആഗസ്റ്റ് മുതൽ പ്രാബല്യത്തോടെ പുറപ്പെടുവിച്ചതും, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കാൽ നൂറ്റാണ്ടായി നടപ്പാക്കിയിട്ടുള്ളതുമായ പ്രത്യേക ഉത്തരവ് പ്രകാരം, സർക്കാർ ശമ്പളം നൽകുന്ന സ്വകാര്യ-എയ്ഡഡ് കോളജുകളിലെ ഏകാധ്യാപക പഠന വകുപ്പുകളിൽ (Single faculty teaching departments), ജോലിഭാരം കണക്കാക്കാതെ ഫുൾടൈം തസ്തികകൾ സൃഷ്ടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പക്ഷേ, സർക്കാർ കോളജിൽ ഇതിന് അനുമതിയില്ലെന്ന് പറഞ്ഞാണ് എന്റെ പാതി ശമ്പളം നിഷേധിച്ചുപോന്നത്. ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന ആഗോള നീതി ഘടനയുടെ ലംഘനമാണിത്. എന്റെ കാര്യത്തിൽ ഈ നീതി നിഷേധിക്കരുതെന്ന കേരള ഹൈകോടതിയുടെ 2005ലെ ഡിവിഷൻ ബെഞ്ച് വിധി 19 വർഷത്തിന് ശേഷവും നടപ്പാക്കിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ, യു.ജി.സി റൂൾസ് കേരളത്തിൽ മാത്രമായി ഭേദഗതി വരുത്തിയപ്പോൾ പരാതിപ്പെടാൻ എനിക്ക് അധ്യാപക സംഘടനകളുടെയോ സഹപ്രവർത്തകരുടെയോ പോലും സഹായമുണ്ടായില്ല. ദുര്യോഗമെന്ന് പറയട്ടെ, സർവിസിൽ ആറു വർഷത്തോളം സെലക്ഷൻ ഗ്രേഡ് ലെക്ചറർ (റീഡർ) ആയിരുന്ന എനിക്ക്, വിരമിക്കുന്നതിനു മുമ്പ് ലഭിക്കേണ്ട, യു.ജി.സി ആറാം സ്കീം പ്രകാരമുള്ള അസോസിയറ്റ് പ്രഫസർ പ്ലേസ്മെന്റും തടയപ്പെട്ടു. ഈ തസ്തികയിൽ പെൻഷൻ ഫിക്സേഷന് അപേക്ഷിച്ചപ്പോഴാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, യുക്തിക്ക് നിരക്കാത്ത ന്യായവാദങ്ങൾ ഉന്നയിച്ച്, ഒരു സർക്കാർ ഉത്തരവിലൂടെ (2014) ഈ പ്രമോഷൻ തടഞ്ഞത്.
മുകളിൽ സൂചിപ്പിച്ച ഉത്തരവിന്റെ സാരം ഇതാണ്: യു.ജി.സിയുടെ അഞ്ചാം പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന എന്നെ ആറാം പദ്ധതിയിൽ (2006 മുതൽ) ഉൾപ്പെടുത്തിയിട്ടില്ല. തന്മൂലം, പ്രസ്തുത പദ്ധതിയിൽ വരുന്ന അസോസിയറ്റ് പ്രഫസർ നിയമനത്തിനും ഞാൻ അർഹനല്ല. അതിനാൽ, കീഴ്തസ്തികയിലെ (സെലക്ഷൻ ഗ്രേഡ് ലെക്ചറർ / റീഡർ), പകുതി ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ, ഫുൾ പെൻഷൻ ഇല്ലാതെ, നാമമാത്ര പെൻഷനേ അർഹതയുള്ളൂ.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഉത്തരവിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, പുനഃപരിശോധനക്ക് 2014ൽ ശ്രമിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. എന്റെ സർവിസ് പ്രശ്നങ്ങളിൽ മുഖ്യമന്ത്രിക്ക് നൽകിയ അനേകം പരാതികളിലും നാളിതുവരെ നടപടിയുണ്ടായിട്ടില്ല.
എനിക്കാര് പിഴ തരും?
വിരമിച്ചാൽ ആറു മാസത്തിനുള്ളിൽ പെൻഷൻ നൽകണമെന്നാണ് നിയമം. വിരമിച്ചശേഷവും അനേക വർഷങ്ങൾ പെൻഷൻ ലഭിക്കാതെ, കോഴിക്കോട് സർക്കാർ ജീവനക്കാരുടെ ഹോസ്റ്റലിൽതന്നെ താമസിക്കേണ്ടിവന്ന വകയിൽ 2/3 ഭാഗം പിഴയുൾപ്പെടെ 3,31,019 രൂപ വാടക കുടിശ്ശിക നൽകാൻ എന്നോടാവശ്യപ്പെട്ടിട്ടുണ്ട്. പിഴയിളവിനുള്ള എന്റെ അപേക്ഷ, പൊതുമരാമത്ത് മന്ത്രി തള്ളി. വാടക കുടിശ്ശികക്ക് സർക്കാർ എന്നോട് പിഴ ആവശ്യപ്പെടുന്നത് ന്യായമാണെന്ന് വാദിക്കുന്നവരുണ്ടാവാം. അങ്ങനെയെങ്കിൽ പതിറ്റാണ്ടുകളായി പെൻഷൻ നിഷേധിച്ച് ജീവിതം ദുരിതക്കയത്തിലേക്കും മാനസികാഘാതങ്ങളിലേക്കും തള്ളിയിട്ട സർക്കാർ എനിക്ക് എന്നാണ് പിഴയും നഷ്ടപരിഹാരവും നൽകുക?
ഔദ്യോഗിക സേവന കാലശേഷം ‘പെൻഷൻ പ്രായത്തിൽ’ യാതൊരു വിധ പിന്തുണയും ലഭിക്കാതെ അനീതി മാത്രം നേരിടേണ്ടിവരുന്ന ഒരാൾ എന്ന നിലയിൽ തറപ്പിച്ചു പറയുന്നു- ജീവിത സായാഹ്നത്തിൽ ഒരു മനുഷ്യ ജീവിക്കും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ചുകൂട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.