സമസ്ത ആദർശത്തിന് വിരുദ്ധമായ പരിപാടികൾ അംഗീകരിക്കില്ല -മുശാവറ
text_fieldsകോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളില്‍ ഇസ്ലാമിന് നിരക്കാത്തതും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്ശങ്ങള്ക്ക് വിരുദ്ധവുമായവ ഉണ്ടാകാന്‍ പാടില്ലെന്ന് സമസ്ത കേന്ദ്ര മുശാവറ യോഗം നിർദേശിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ചെമ്മാട് ദാറുൽ ഹുദക്കെതിരെ ഉയർന്ന വിവാദത്തിലാണ് സമസ്ത മുശാവറയുടെ ഇടപെടൽ. സമസ്തയുടെയും പോഷകസംഘടനകളുടെയും ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ ബിദഈ (പുത്തൻ) പ്രസ്ഥാനക്കാരുടെ പരിപാടികളില്‍ സംബന്ധിച്ചാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സമസ്ത 100ാം വാര്‍ഷികം ഉദ്ഘാടന സമ്മേളനം 2024 ജനുവരി 28ന് ബംഗളൂരുവില്‍ നടക്കും. പ്രസിഡന്റ് മുഹമ്മദ് ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.