തൃക്കാക്കര നൽകുന്ന പ്രോഗ്രസ് റിപ്പോർട്ട്
text_fieldsരണ്ടാം പിണറായി സർക്കാറിെൻറ ഒന്നാം വാർഷികാഘോഷ സമാപന ദിവസമായിരുന്ന വ്യാഴാഴ്ച മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗസ് റിപ്പോർട്ടിെൻറ മുഖ്യ ആകർഷണം വികസനക്കുതിപ്പായിരുന്നു. 24 മണിക്കൂർ കഴിയുംമുമ്പേ മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ തൃക്കാക്കരക്കാർ ചുവപ്പ് മഷി വരച്ചു.
99 സീറ്റുമായി തുടർഭരണമെന്ന ചരിത്രം രചിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാറിന് പ്രതിപക്ഷം വെല്ലുവിളിയേ അല്ലായിരുന്നു. പി.ടി. തോമസിെൻറ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴും ഭരണത്തിൽ ഒരു സ്വാധീനവും ഫലം ചെലുത്താത്തതിനാൽ എൽ.ഡി.എഫിന് തൃക്കാക്കര വലിയൊരു രാഷ്ട്രീയ ഘടകവും ആയിരുന്നില്ല. പക്ഷേ, 100 എന്ന മാന്ത്രിക അക്കം സ്വപ്നം കണ്ട് പിണറായി വിജയൻ തന്നെ പ്രചാരണ ഗോദയിലേക്കിറങ്ങി.
എറണാകുളത്ത് തമ്പടിച്ച് ദിവസങ്ങളോളം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത പിണറായിയും പ്രതിപക്ഷനേതാവും തമ്മിലായി പോരാട്ടം. തൃക്കാക്കര കടന്നാൽ സിൽവർ ലൈനിനുള്ള പച്ചക്കൊടി എന്ന അർഥം കൂടി മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫിെൻറയും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിധിയെഴുത്ത് ആഘാതത്തിെൻറ ഒരു പങ്കിന് അവകാശി പിണറായി വിജയൻ തന്നെയാണ്. പക്ഷേ, ഇതിനേക്കാളേറെ സി.പി.എമ്മിനെ വരുംദിവസങ്ങളിൽ അസ്വസ്ഥമാക്കുന്നത് ഉൾപ്പാർട്ടി വിഷയമാവും. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ ഒരുപിടി മുതിർന്ന നേതാക്കൾ പാർട്ടിക്ക് പുറത്താകാൻ കാരണം തൃക്കാക്കരയിലെ തോൽവിയായിരുന്നു. അന്വേഷണ കമീഷൻ ചൂണ്ടിക്കാണിച്ച പാർലമെന്‍ററി വ്യാമോഹം ഉൾപ്പെടെ വീഴ്ചകൾ തിരുത്തിയാണ് ഇത്തവണ 'സ്ഥാനാർഥി'യെ നിശ്ചയിച്ചത്. പക്ഷേ, എറണാകുളത്തെ സി.പി.എമ്മിലെ ദൗർബല്യങ്ങൾ അങ്ങനെ തന്നെ തുടരുന്നുവെന്നതാണ് ഫലം വ്യക്തമാക്കുന്നത്. ട്വന്‍റി 20യുടെയും ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുകൾ എതിർ സ്ഥാനാർഥിക്ക് കിട്ടിയെന്ന് പറയുമ്പോൾ ആ വോട്ടുകൾ കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ ഭൂരിപക്ഷമാണ് ഉമക്ക് ലഭിച്ചത്.
ഭരണവും അധികാരത്തിെൻറ സൗകര്യവും ആളും അർഥവും ഉണ്ടായിട്ടും സി.പി.എം, ഇടത് വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചില്ല. മണ്ഡലത്തിെൻറ ഏകോപന ചുമതലയുണ്ടായിരുന്ന എം. സ്വരാജിനും ജില്ലയിലെ മന്ത്രിയായ പി. രാജീവിനും ഇതിെൻറ ഉത്തരം കണ്ടെത്തിയേ തീരൂ. സ്ഥാനാർഥി നിർണയത്തിൽ എം. സ്വരാജും രാജീവും തമ്മിലുണ്ടായ അസ്വാരസ്യം തുടക്കത്തിലേ പാർട്ടിക്ക് പുറത്ത് വരെ ചർച്ചയായിരുന്നു. ജില്ല കമ്മിറ്റിയംഗത്തിെൻറ പേര് കീഴ്ഘടകങ്ങളിൽനിന്ന് ഉയർന്നുവന്നെങ്കിലും രാജീവിെൻറ താൽപര്യത്തിലേക്ക് നേതൃത്വം ഒതുങ്ങി.
ഇടതിെൻറ അരാഷ്ട്രീയവത്കരണത്തിെൻറ ഉദാഹരണമാണ് ജോ ജോസഫ് എന്ന സ്ഥാനാർഥിയെ കത്തോലിക്ക സഭയിലെ വൈദികർക്കൊപ്പം അവതരിപ്പിച്ചത്. സി.പി.എമ്മിനൊപ്പം പരമ്പരാഗതമായി നിന്ന ക്രൈസ്തവർക്ക് പോലും വിഴുങ്ങാൻ കഴിയാത്തതായിരുന്നു ഈ നാടകം. അത് ചൂണ്ടിക്കാട്ടിയവർക്കെതിരെ ന്യൂനപക്ഷ വിരുദ്ധത ആരോപിച്ചു. ഹിന്ദുത്വ വർഗീയത ചൊരിഞ്ഞ പി.സി. ജോർജിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് ഇരുഭാഗത്തു നിന്നും വോട്ട് നേടാൻ ശ്രമിച്ചു. പക്ഷേ, സാമുദായിക പ്രീണനങ്ങൾ തൃക്കാക്കര തള്ളിക്കളഞ്ഞു. വിലക്കയറ്റം അടക്കം ജനകീയ വിഷയങ്ങൾ ഭരണ- പ്രതിപക്ഷങ്ങൾ കൈയൊഴിഞ്ഞുവെങ്കിലും കോവിഡിെൻറ രണ്ടാംവരവിൽ ദുരിതം അനുഭവിച്ച എറണാകുളം ജില്ലക്കാരും സാമ്പത്തിക തകർച്ചയിൽ ജീവനോപാധി നഷ്ടപ്പെട്ടവരും വോട്ട് കുത്തിയപ്പോൾ അത് മറന്നില്ല.
ഇടതുപക്ഷം ഉയർത്തേണ്ട വികസന, മാനവിക രാഷ്ട്രീയ മൂല്യങ്ങളുടെ ലിറ്റ്മസ് പരീക്ഷണം കൂടിയായിരുന്നു രണ്ടാം സർക്കാറിെൻറ ആദ്യവർഷം. ഭരണത്തുടർച്ച എന്നാൽ 'എന്ത് പറഞ്ഞാലും താൻ ഉദ്ദേശിക്കുന്നത് താൻ നടപ്പാക്കും' എന്ന ധാർഷ്ട്യത്തിന് ഒപ്പം ബുൾഡോസർ ഭരണത്തിനുമുള്ള 'നോ' കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഈ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിനും ഘടകകക്ഷികൾക്കും ആത്മപരിശോധനക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.
അയഥാർഥമായ വികസനവാദ രാഷ്ട്രീയം ഇനിയെങ്കിലും പുനഃപരിശോധിക്കുമോയെന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.