മത്സ്യബന്ധനത്തിലെ നിരോധിത രീതികൾ; തീരദേശത്ത് പ്രതിഷേധത്തിര
text_fieldsതിരുവനന്തപുരം: നിരോധിത രീതിയിൽ മത്സ്യബന്ധനം വ്യാപകമായതോടെ തീരദേശത്ത് പ്രതിഷേധം പുകയുന്നു. മത്സ്യസമ്പത്തും പരിസ്ഥിതിയും നശിപ്പിക്കുന്ന നിരോധിത പ്രവണതകൾ തടയാൻ ഫിഷറീസ് വകുപ്പ് ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മത്സ്യമേഖലയിലെ സംഘടനകൾ ഇതുസംബന്ധിച്ച് ഫിഷറീസ് ഡയറക്ടർക്കടക്കം നിവേദനം നൽകിയിരുന്നു.
പെയർ ട്രോളിങ്, ലൈറ്റ് ഫിഷിങ് തുടങ്ങിയവ മത്സ്യമേഖലയെ തകർക്കുമെന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്. കടലിൽ മത്സ്യലഭ്യത കുറവാണ്. സമുദ്ര ആവാസവ്യവസ്ഥ തകർക്കുന്ന രീതികൾ തുടരുന്നത് പ്രതിസന്ധി രൂക്ഷമാക്കും. വലിയ ബോട്ടുകൾ പെയർ ട്രോളിങ് ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് നടത്തുന്നതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് ബോട്ടുകൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം മത്സ്യബന്ധനം തടയണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കടലിന്റെ അടിത്തട്ടുവരെ നീളമുള്ള വല ഉപയോഗിച്ചുള്ള പെലാജിക് ട്രോളിങ് വൻതോതിൽ കൂടി. ഈ രീതിമൂലം മീന്‍ കുഞ്ഞുങ്ങള്‍ വലയില്‍ കുരുങ്ങുകയും മത്സ്യസമ്പത്ത് ഇടിയുകയും ചെയ്യും. പെലാജിക് ട്രോളിങ്ങിനെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കുമ്പോഴും നിയമലംഘനങ്ങൾ ആവർത്തിക്കുകയാണ്. കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുള്ള മീൻപിടിത്തം പുറംകടലിൽ വ്യാപകമാണ്. ഇത്തരം ബോട്ടുകൾ കണ്ടുകെട്ടാനും 2.5 ലക്ഷം രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
കാലാവസ്ഥ മുന്നറിയിപ്പ് മൂലമുള്ള തൊഴിൽ നഷ്ടം, ഇന്ധന വില വർധന, മീനിന് ന്യായവില ലഭിക്കാത്ത സാഹചര്യം എന്നിവ മൂലം മത്സ്യബന്ധനമേഖല ദുരിതാവസ്ഥയിലാണ്. സർക്കാർ തലത്തിൽ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംഘടനകൾ. സർക്കാർ നിസ്സംഗതക്കെതിരെ ഇവർ ഇതിനകം സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.