ട്രോളിങ് നിരോധനം:ചാകര കോള് പ്രതീക്ഷിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
text_fieldsഅമ്പലപ്പുഴ: പുറം കടലിൽ മൽസ്യ ബന്ധനം നടത്തിയിരുന്ന ബോട്ടുകൾ ബുധനാഴ്ച അർധരാത്രിയോെട തീരം അണയുന്നതോടെ തുടർന്നുള്ള ദിവസങ്ങളിൽ ചാകര കോള് പ്രതീക്ഷയിലാണ് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. തോട്ടപ്പള്ളി ഹാർബർ, തൃക്കുന്നപ്പുഴ ചീപ്പ് തുടങ്ങിയിടങ്ങളിലായിരിക്കും വരും ദിവസങ്ങളിൽ ബോട്ടുകൾ നങ്കുരമിടുന്നത്.
ബോട്ടുകൾ കടലിൽ പോകാത്ത നിരോധന കാലയളവിൽ തങ്ങൾ പിടിക്കുന്ന മത്സ്യത്തിന് നല്ല വില കിട്ടുമെന്നാണ് വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ പ്രതീക്ഷ.
100ഓളം തൊഴിലാളികൾ പണിയെടുക്കുന്ന കൂറ്റൻ ലെയ്ലൻറ് വള്ളം മുതൽ ഒരാൾ മാത്രം കയറുന്ന പൊന്തുകൾ വരെ വിവിധ ഇനം വള്ളങ്ങളാണ് കടലിൽ ഇറക്കുന്നത്. വലിയ വള്ളങ്ങൾ കടൽ അരിച്ചുപെറുക്കി കരയെത്തുമ്പോൾ ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയോളം ഇന്ധന ചെലവ് വരും.
കോവിഡ് വ്യാപനം തുടങ്ങിയ നാൾ മുതൽ കടുത്ത നിയന്ത്രണങ്ങൾ തീരമേഖലയിലും ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം ഒരു വർഷത്തിനുള്ളിൽ തുച്ഛമായ ദിവസങ്ങളിൽ മാത്രമാണ് വള്ളങ്ങൾക്കു മത്സ്യബന്ധനം നടത്താനായത്. ഇതിൽ ഏതാനും വള്ളങ്ങൾക്കു മാത്രമാണ് മത്സ്യക്കൊയ്ത്ത് ലഭിച്ചത്.
മറ്റു വള്ളങ്ങൾ പൊടിമീൻ പോലും കിട്ടാതെയാണ് കരയെത്തിയത്. അടിക്കടിയുണ്ടായ ഇന്ധന വിലക്കയറ്റവും മത്സ്യബന്ധന മേഖലയുടെ നട്ടെല്ലൊടിച്ചു. കരിഞ്ചന്തയിൽനിന്ന് ഇരട്ടി വിലക്ക് പെട്രോളും മെണ്ണണ്ണയും വാങ്ങി എൻജിൻ പ്രവർത്തിപ്പിക്കേണ്ട ഗതികേടിലാണ് വള്ളമുടമകൾ.
ഇതിനിടയിൽ ന്യൂനമർദത്തിെൻറ ദുരന്തവും ഇവർ ഏറ്റുവാങ്ങി. പല പ്രദേശങ്ങളിലും വള്ളവും വലയും എൻജിനുമടക്കം കടലാക്രമണത്തിൽ നശിച്ചു. ഇതേ തുടർന്നു വൻ കടക്കെണിയിലാണ് പരമ്പരാഗത മത്സ്യ തൊഴിലാളികൾ.
ഇനി ആകെയുള്ള പ്രതീക്ഷ ട്രോളിങ് നിരോധന കാലയളവിലെ മീൻപിടിത്തമാണ്. തോട്ടപ്പള്ളി, കരൂർ, വളഞ്ഞ വഴി, കുപ്പി മുക്ക്, പുന്നപ്ര ചള്ളി, പറവൂർ ഗലീലിയ എന്നിവിടങ്ങളാണ് വള്ളങ്ങൾ അടുക്കുന്ന പ്രധാന ചന്തക്കടവുകൾ. പൊലീസിെൻറയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലായിരിക്കും മത്സ്യലേലവും വിൽപനയും.
ചെമ്മീൻ പീലിങ് മേഖല സ്തംഭിക്കും
അമ്പലപ്പുഴ: ട്രോളിങ് നിരോധന കാലയളവിൽ ചെമ്മീൻ പീലിങ് മേഖല സ്തംഭിക്കും. അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രദേശങ്ങളിൽ നൂറിനുമേൽ ചെമ്മീൻ ഷെഡുകളാണുള്ളത്. കൊല്ലം നീണ്ടകര,വിഴിഞ്ഞം, തോപ്പുംപടി തുടങ്ങി. ബോട്ടുകൾ അടുക്കുന്ന ഹാർബറുകളിൽ നിന്നാണ് പീലിങ് കേന്ദ്രങ്ങളിൽ ചെമ്മീൻ എത്തുന്നത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ചെമ്മീൻ കിള്ളി ഉപജീവനം നടത്തുന്നത്. എന്നാൽ, ട്രോളിങ് നിരോധന കാലയളവ് ഇവർക്ക് വറുതിയുടെ ദിനങ്ങളായിരിക്കും സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.