സഹായം സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് വിലക്ക്
text_fieldsമലപ്പുറം: പഠനസഹായവും പഠനോപകരണവും വിതരണം നടത്തി അവ സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി വനിത - ശിശു വികസന വകുപ്പ് ഉത്തരവ്.
സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സഹായ വിതരണം നടത്തി പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രചാരണം കുട്ടികളുടെ മാനസിക വളർച്ചയെയും വ്യക്തി വികാസത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. കുട്ടികളുടെ ആത്മാഭിമാനം, സ്വകാര്യത, സാമൂഹിക ജീവിതം എന്നിവ കണക്കിലെടുത്ത് ബാലനീതി നിയമപ്രകാരമാണ് ഉത്തരവ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, ജില്ല കലക്ടർമാർ, ശിശു സംരക്ഷണ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പ്രചാരണം നിരീക്ഷിക്കും.
പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് രാഷ്ട്രീയ/ സന്നദ്ധ സംഘടനകൾ വഴിയോ മറ്റ് വഴികളിലൂടെയോ സാമ്പത്തിക സഹായം/ പഠനോപകരണങ്ങൾ നൽകി അവയുടെ ഫോട്ടോ ഒഴിവാക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ രണ്ട് വർഷം മുമ്പ് നിർദേശിച്ചിരുന്നു. അതിന് ശേഷം ഇത് സംബന്ധിച്ച് വകുപ്പ് നടത്തിയ വിശദ പരിശോധനക്ക് ശേഷമാണ് ഉത്തരവ് ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.