താൽക്കാലിക എൻജിനീയർമാരും ഓവർസിയർമാരും പ്ലാനും നിർമാണ അപേക്ഷയും തയാറാക്കുന്നതിന് വിലക്ക്
text_fieldsകോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിൽ താൽക്കാലികമായി നിയമിച്ച എൻജിനീയർമാരും ഓവർസിയർമാരും പ്ലാനും കെട്ടിട നിർമാണാനുമതി അപേക്ഷയും തയാറാക്കി സമർപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഓഫിസിലെ സ്വാധീനമുപയോഗിച്ച് അനധികൃത കെട്ടിട നിർമാണത്തിന് കൂട്ടുനിൽക്കുന്നതായും ചട്ടം ലംഘിച്ചുള്ള പ്ലാനുകൾക്ക് അംഗീകാരം നേടുന്നതായും വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതോടെയാണിത്.
നേരത്തേ തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ പരിശാധനയിൽതന്നെ ചട്ടങ്ങൾ കാറ്റിൽപറത്തി നിർമിച്ച പല കെട്ടിടങ്ങൾക്കും അനുമതി ലഭ്യമാക്കിയത് ലൈസൻസുള്ള ചിലർ തദ്ദേശ സ്ഥാപനങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്തപ്പോഴാണെന്ന് കണ്ടെത്തിയിരുന്നു.ഇത്തരം കെട്ടിടങ്ങൾക്കെതിരെ പിന്നീട് നടപടി സ്വീകരിക്കുമ്പോൾ നിയമപ്രശ്നങ്ങളടക്കം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം മുൻനിർത്തിയാണ് വിലക്കേർപ്പെടുത്തിയത്.
താൽക്കാലിക എൻജിനീയർമാരെയും ഓവർസിയർമാരെയും താൽക്കാലികാടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ നിയമിക്കുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവുമായി ഒപ്പുവെക്കുന്ന കരാറിൽ, ജോലി ചെയ്യുന്ന കാലയളവിൽ നിർമാണാനുമതിക്കായി അപേക്ഷകൾ, പ്ലാനുകൾ തയാറാക്കി സമർപ്പിക്കില്ലെന്ന നിബന്ധനകൂടി ഉൾപ്പെടുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.