ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി
text_fieldsആലപ്പുഴ: ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ ആറ് വരെ നീട്ടി. എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെയാണ് ജില്ലയിൽ നിരോധനാജ്ഞ നിലവിൽ വന്നത്. ഇന്ന് കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗം ജില്ലയിൽ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു.
ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ജാഗ്രതാ നിർദേശമുണ്ട്. സംഘർഷ സാധ്യതയുള്ളിടത്ത് കൂടുതൽ സേനയെ വിന്യസിച്ചിരിക്കുകയാണ്. വാഹന പരിശോധനയും കർശനമാക്കി.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ആലപ്പുഴയിൽ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊന്നത്.
മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജംങ്ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാന്‍റെ സ്കൂട്ടറിന് പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ ആറു മണിയോടെ ആലപ്പുഴ നഗരപരിധിയിൽ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി.ജെ.പിയുടെ സഹസംഘടനായ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. വീടിനുള്ളിൽ വെച്ച് അമ്മയും ഭാര്യയും നോക്കിനിൽക്കെ അക്രമിസംഘം വെട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.