കാറ്റിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതിക്ക് പദ്ധതി
text_fieldsതിരുവനന്തപുരം: കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതികൾ വേഗത്തിലാക്കാൻ കെ.എസ്.ഇ.ബി. 500 മെഗാവാട്ട് ശേഷി നേടുകയെന്ന ലക്ഷ്യത്തോടെ താൽപര്യപത്രം ക്ഷണിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഡയറക്ടർ ബോർഡ് അനുമതി നൽകി. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നതിനും നിക്ഷേപകരുടെ അഭിപ്രായം തേടുന്നതിനുമായി കെ.എസ്.ഇ.ബി കഴിഞ്ഞ ഒക്ടോബറിൽ ‘വിൻ മീറ്റ് 2024’ സംഘടിപ്പിച്ചിരുന്നു.
കാറ്റാടി വൈദ്യുതി രംഗത്തെ പ്രധാന നിക്ഷേപകർ, ഉപകരണ നിർമാതാക്കൾ, ഹൈ ടെൻഷൻ വ്യവസായിക ഉപഭോക്തൃ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പശ്ചിമഘട്ട മേഖലയിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിന് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി (എൻ.ഐ.ഡബ്ല്യു.ഇ) യുടെ പഠനത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
150 മീറ്റർ ഉയരത്തിൽ 2600 മെഗാവാട്ട് വരെ ഉൽപാദന സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാധ്യതകളെപ്പറ്റി വിശദമായ പഠനം നടത്തി, പ്രാഥമികമായി അഞ്ച് സ്ഥലങ്ങളിൽ കാറ്റാടി വൈദ്യുതി പദ്ധതികൾ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. രാമക്കൽമേട്, അട്ടപ്പാടി, മാൻകുത്തിമേട്, പാപ്പൻപാറ, പൊന്മുടി എന്നിവിടങ്ങളിൽ കാറ്റാടിപ്പാടങ്ങൾ സജ്ജമാക്കി ആദ്യഘട്ടത്തിൽ 500 മെഗാവാട്ട് ഉൽപാദിപ്പിക്കാനാണ് ശ്രമം.
നിലവിൽ സംസ്ഥാനത്തെ കാറ്റാടി നിലയ ശേഷി 70 മെഗാവാട്ട് മാത്രമാണ്. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ ബഹുദൂരം മുന്നിലാണ്. ഗുജറാത്താണ് ഏറ്റവും കൂടുതൽ വൈദ്യുതി കാറ്റാടി നിലയങ്ങൾ വഴി ഉൽപാദിപ്പിക്കുന്നത് (10,415 മെഗാവാട്ട്). തൊട്ടുപിന്നിൽ തമിഴ്നാടാണ്.
10,124 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള തമിഴ്നാട് കൂടുതൽ മേഖലകളിൽ പദ്ധതി നടപ്പാക്കിവരുകയുമാണ്. കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കാറ്റാടി നിലയങ്ങൾ വഴി 4000 മെഗാവാട്ടിന് മുകളിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ജലവൈദ്യുതി പദ്ധതികളിൽ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കേരളം മറ്റ് ഊർജസ്രോതസ്സുകൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയിരുന്നില്ല. ആഭ്യന്തര ഉൽപാദനം ഉയർത്താതെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാറ്റാടികളക്കം എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനുള്ള ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.