പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. കെ.കെ. ഉസ്മാൻ നിര്യാതനായി
text_fieldsആലുവ: പ്രമുഖ ഗ്യാസ്ട്രോ എൻററോളജിസ്റ്റും മത സാമൂഹിക സാംസ്കാരിക പരിസ്ഥിതി മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന എടവനക്കാട് കിഴക്കേവീട്ടിൽ ഡോ. കെ.കെ. ഉസ്മാൻ (85) നിര്യാതനായി. വാർധക്യസഹജമായ അവശതകളാൽ ആലുവ കോഡർ ലെയ്നിലെ വസതിയിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ പരേതയായ നസീം (ചങ്ങനാശ്ശേരി അഴീക്കൽ കുടുംബാംഗം). മക്കൾ: കെ.യു. നസ്നീൻ (ദോഹ), യാസിർ മുഹമ്മദ് ഉസ്മാൻ (യു.എസ്.എ), ഇസ്മിറ (യു.എസ്.എ). മരുമക്കൾ: അജ്മൽ സിദ്ദീഖ് (ദോഹ), റീമ ഷാനവാസ് (യു.എസ്.എ), ഡോ.മിഹാസ് (യു.എസ്.എ). എടവനക്കാട് കിഴക്കേവീട്ടിൽ കാദിർഹാജിയും കക്കാട്ട് സൈനബയുമാണ് മാതാപിതാക്കൾ.
സംസ്ഥാന ആരോഗ്യ വകുപ്പിനുകീഴിൽ ആലുവ ഗവ. ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഉപരിപഠനത്തിന് അമേരിക്കയിൽ പോയി. അവിടെനിന്ന് ഗ്യാസ്ട്രോ എൻററോളജി പഠനം പൂർത്തിയാക്കിയശേഷം കുറച്ച് വർഷങ്ങൾ അവിടെയും കാനഡയിലും സേവനം അനുഷ്ഠിച്ചു. ആലുവയിൽ തിരിച്ചെത്തിയ അദ്ദേഹം പറവൂർ കവലയിൽ ആൽവായ് മെഡിക്കൽ സെൻറർ എന്ന പേരിൽ ഏറെക്കാലം ക്ലിനിക് നടത്തിയിരുന്നു. ആലുവ നജാത്ത് ആശുപത്രിയിലും സേവനമനുഷ്ഠിച്ചു.
ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രട്ടേണിറ്റി ജനറൽ സെക്രട്ടറി, സാഫി (സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) സ്ഥാപക ട്രസ്റ്റി, കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ (സി.സി.സി), മുസ്ലിം സൗഹൃദവേദി പ്രഥമ സമിതി അംഗം, സച്ചാർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ പങ്കുവഹിച്ച മുസ്ലിം സംഘടനകളുടെ സംസ്ഥാന കൺവീനർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സൗത്ത് ഇന്ത്യൻ മുസ്ലിം കോൺഫറൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന പ്രസ്ഥാനത്തിന്റെ നേതൃപദവി അലങ്കരിച്ചു.
ആലുവ സെൻറർ ഫോർ എക്സലൻസ് സ്ഥാപകൻ, ആലുവ ഫ്രൈഡേ ക്ലബ്, പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സംഘടനകളുടെ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അൽ ഹാർമണി മാസിക, ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രട്ടേണിറ്റി പ്രസിദ്ധീകരിച്ച ദിസ് ഈസ് ഇസ്ലാം (ഇംഗ്ലീഷ്) പുസ്തകം എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. ‘എന്റെ കഥ അവരുടെയും’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.