വാഗ്ദാനങ്ങൾ വെറുതെ; പാമ്പു വേലായുധന്‍റെ കുടുംബത്തിന് രണ്ട് പതിറ്റാണ്ടായിട്ടും നീതിയില്ല
text_fieldsകോഴിക്കോട്: വിഷപ്പാമ്പുകൾക്കൊപ്പം സർപ്പയജ്ഞം നടത്തി ലോകശ്രദ്ധ നേടിയ പാമ്പു വേലായുധന്‍റെ കുടുംബം അദ്ദേഹം മരിച്ച് 22 കൊല്ലം കഴിയുമ്പോഴും ജോലിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാനുള്ള അലച്ചിൽ തുടരുന്നു. വൈദ്യുതിവകുപ്പ് ജീവനക്കാരനായിരിക്കെ മരിച്ച അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്ന പെൻഷനടക്കം ആനുകൂല്യങ്ങളോ ആശ്രിതനിയമനമോ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.
20 കൊല്ലത്തോളം സർക്കാർസേവനം നടത്തിയിട്ടും അർഹതയുള്ള ആനുകൂല്യങ്ങളൊന്നും കിട്ടിയില്ലെന്ന് കുടുംബം പറയുന്നു. ഈ ആവശ്യവുമായി ഓഫിസുകൾ കയറിയിറങ്ങിയ കുടുംബത്തിന് മകൾക്ക് ജോലി ലഭിക്കുമെന്ന വാഗ്ദാനം കിട്ടിയെങ്കിലും വെറുതെയായി.
പാമ്പുകളോടുള്ള സമീപനം മാറ്റിയെടുക്കുന്നതിലും ആളുകളിൽ ഭീതിപരത്തിയെത്തുന്ന പാമ്പുകളെ പിടികൂടി വനംവകുപ്പിന് കൈമാറുന്നതിനും മുൻകൈയെടുത്ത ഒളവണ്ണയിലെ വേലായുധൻ 2000 മേയ് ഒന്നിനാണ് പാമ്പുകടിയേറ്റ് മരിച്ചത്.
കുടുംബത്തെ സഹായിക്കുമെന്ന അധികാരികളുടെ അന്നത്തെ വാഗ്ദാനമാണ് പാഴ്വാക്കായത്. വേലായുധൻ പോയതോടെ അനാഥരായ ഭാര്യ പാലക്കോട്ട് വയൽ സരോജിനിയും മൂന്ന് പെൺമക്കളും വളരെ ബുദ്ധിമുട്ടിയാണ് ജീവിതം നയിക്കുന്നത്.
കൊണ്ടോട്ടി വൈദ്യുതിവകുപ്പ് ഓഫിസിലാണ് അവസാനമായി വേലായുധൻ ജോലി ചെയ്തത്. എല്ലാ രേഖകളുമായി കുടുംബം അധികാരികൾക്ക് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, ജോലിക്ക് ഹാജരാവാതെ '98ൽ തന്നെ വേലായുധനെ പിരിച്ചുവിട്ടതിനാൽ ആനുകൂല്യങ്ങളൊന്നും നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതേതുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് തിരുവനന്തപുരത്തെത്തി പരാതി നൽകിയതോടെ വൈദ്യുതിബോർഡിൽ ആശ്രിതനിയമനത്തിന് അർഹരായവരുടെ പട്ടികയാവശ്യപ്പെട്ടു. രണ്ടാമത്തെ മകൾ ശ്രീജക്ക് ജോലി നൽകണമെന്ന് കുടുംബം അപേക്ഷയും നൽകി.
ജോലി ഉടൻ കിട്ടുമെന്ന കാത്തിരിപ്പിനിടെ ശ്രീജ ഈറോഡിലേക്ക് വിവാഹം കഴിച്ച് പോയി. കുടുംബം ജോലിക്കായി കാത്തിരിപ്പ് തുടർന്നെങ്കിലും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.