വാഗ്ദാനങ്ങൾ നടപ്പായില്ല; നിർമാണം ആരംഭിക്കാതെ പയ്യനാട്ടെ പുതിയ സ്റ്റേഡിയം..മിസ്സാകുമോ, മെസ്സിയെ
text_fields2025 ഒക്ടോബറിൽ സൗഹൃദ മത്സരം നടക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. കേരളത്തിൽ മെസ്സിയും സംഘവും രണ്ട് മത്സരങ്ങൾ കളിക്കുന്നതിൽ ഒന്ന് പയ്യനാട് പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലാകുമെന്ന മലപ്പുറത്തുകാരനായ മന്ത്രിയുടെ പ്രസ്താവന ആവേശം ഇരട്ടിയാക്കി
മലപ്പുറം: മഞ്ചേരി പയ്യനാട്ടിൽ ഫിഫ നിലവാരത്തിൽ പുതുതായി നിർമിക്കുമെന്ന് പറഞ്ഞ സ്റ്റേഡിയത്തിന്റെ നിർമാണം എങ്ങുമെത്തിയില്ല. ഫുട്ബാളിലെ ലോക ചാമ്പ്യന്മാരായ അർജൻറീനയും മെസ്സിയും കാൽപന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറത്ത് പന്തുതട്ടുമെന്ന കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവന പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയ നിലയിലാണ്.
2025 ഒക്ടോബറിൽ സൗഹൃദ മത്സരം നടക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. കേരളത്തിൽ മെസ്സിയും സംഘവും രണ്ട് മത്സരങ്ങൾ കളിക്കുന്നതിൽ ഒന്ന് പയ്യനാട് പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലാകുമെന്ന മലപ്പുറത്തുകാരനായ മന്ത്രിയുടെ പ്രസ്താവന ആവേശം ഇരട്ടിയാക്കി. ജില്ല സ്പോർട്സ് കൗൺസിലിന് കീഴിൽ 25 ഏക്കർ ഭൂമിയാണ് പയ്യനാട് ഉള്ളത്. പുതിയ സ്റ്റേഡിയത്തിന്റെ നിർമാണം ഊരാളുങ്കൽ സർവിസ് സൊസൈറ്റിയെ ഏൽപിച്ചിട്ടുണ്ടെന്നാണ് ജില്ല സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചത്. എന്നാൽ, മൈതാനത്ത് ഇതിനുള്ള പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല.
മതിയാവില്ല സീറ്റിങ് കപ്പാസിറ്റി
പയ്യനാട് സ്റ്റേഡിയത്തിൽ 2022ൽ നടന്ന സന്തോഷ് ട്രോഫിയുടെ ഫൈനൽ കാണാനെത്തിയ ആരാധകർ പിടിച്ച പോസ്റ്ററിലെ വാക്കുകളാണിത്. സംഘാടകരെ പോലും ഞെട്ടിച്ച് കേരളത്തിന്റെ ഓരോ മത്സരത്തിനും കാൽലക്ഷത്തോളം പേരാണ് ഗാലറിയിലെത്തിയത്. സന്തോഷ് ട്രോഫിയിൽ നമ്മുടെ കൊച്ചുകേരളം പന്തുതട്ടിയപ്പോൾ ഉള്ള സ്ഥിതി ഇതായിരുന്നെങ്കിൽ കേരളത്തിൽ ലക്ഷക്കണക്കിന് ആരാധകരുള്ള അർജൻറീനയും മെസ്സിയും എത്തുമ്പോൾ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.
പയ്യനാടിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഡിയത്തിൽ ഒരേ സമയം 50,000 പേർക്ക് കളികാണാൻ കഴിയുമെന്നാണ് കായിക വകുപ്പ് പറയുന്നത്.
സ്പോർട്സ് കേരള ഫൗണ്ടേഷന്റെ പ്രാഥമിക ഫീൽഡ്തല സർവേ പ്രകാരമാണിത്. ഫിഫയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സ്റ്റേഡിയം നിർമിക്കുകയെന്നും പറയുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഫീൽഡ്തല പരിശോധന പൂർത്തിയാക്കി പ്രാഥമിക റിപ്പോർട്ട് സ്പോർട്സ് കേരള ഫൗണ്ടേഷൻ സമർപ്പിച്ചിരുന്നു. ഡിസംബർ പകുതിയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാന് മുന്നിൽ പദ്ധതിയുടെ വിശദവിവരങ്ങൾ തിരുവനന്തപുരത്ത് വെച്ച് അവതരിപ്പിച്ചു. 75 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കായിക വകുപ്പിന്റെ തീരുമാനമെങ്കിലും നടപടി എങ്ങുമെത്താത്ത സ്ഥിതിയാണ് നിലവിൽ.
15 മാസം, കടമ്പകളേറെ
മെസ്സിയും സംഘവും കേരളത്തിൽ പന്തുതട്ടാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അതുപ്രാവർത്തികമാകാൻ വലിയ വെല്ലുവിളിയാണ് കായിക വകുപ്പിന് മുന്നിലുള്ളത്. 2025 ഒക്ടോബറിൽ സൗഹൃദ മത്സരം നടക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. അതിന് മുമ്പ് മഞ്ചേരിയിലെ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കണമെങ്കിൽ കടമ്പകളേറെയുണ്ട്.
15 മാസം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുക എന്നതാണ് വലിയ വെല്ലുവിളി ഉയർത്തുന്ന കാര്യം. നിലവിലുള്ള സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ടം വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് പുതിയ സ്റ്റേഡിയം നിർമിക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.