ഉത്തരവിന് വിരുദ്ധമായി സ്ഥാനക്കയറ്റം; നൽകിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കും
text_fieldsതിരുവനന്തപുരം: സർക്കാർ വിലക്കിയിട്ടും ചില വകുപ്പുകളും സ്ഥാപനങ്ങളും മൂന്നു മാസത്തിലേറെ അവധിയെടുക്കുന്ന ജീവനക്കാരന്റെ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതായി ധനവകുപ്പ് കണ്ടെത്തി. ഇവരുടെ സ്ഥാനക്കയറ്റം റദ്ദാക്കാനും നൽകിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ധനവകുപ്പ് നിർദേശം നൽകിയിരുന്നു. സമാന രീതി ഭരണഘടനാ സ്ഥാപനമായ പബ്ലിക് സർവിസ് കമീഷനിലും ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അതും അവസാനിപ്പിച്ച് ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കിയത്. പലപ്പോഴും വിരമിക്കുന്നവർക്ക് കൂടുതൽ പെൻഷനും ആനുകുല്യങ്ങളും ലഭിക്കാനാണ് ജീവനക്കാർ അവധിയെടുക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്തിരുന്നത്.
കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ച സമിതികളുടെ നിർദേശ പ്രകാരമാണ് മൂന്നു മാസത്തിൽ കൂടുതൽ അവധിയെടുത്താൽ സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കാൻ നിർദേശിച്ചത്. പകരം അധികച്ചുമതല നൽകി ജോലി പൂർത്തിയാക്കണം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തവരവ് പുറപ്പെടുവിച്ചു.
ഇതിനുവിരുദ്ധമായി പല സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാന ക്കയറ്റം നൽകിയതായി ധനവകുപ്പ് കണ്ടെത്തി. തുടർന്ന് അനധികൃതമായി അനുവദിച്ച സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കാനും അധികമായി നൽകിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും തീരുമാനിച്ചു. പി.എസ്.സിയിലും സർക്കാർ ഉത്തരവിനുവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയതായി കണ്ടെത്തി. ഇക്കാര്യത്തിൽ പി.എസ്.സിയിൽനിന്ന് സർക്കാർ റിപ്പോർട്ട് തേടി. ഇതിൽ വിശദ പരിശോധന നടത്തി.
ഭരണഘടനയുടെ അനുഛേദം 318 അനുസരിച്ച് സർക്കാർ രൂപവത്കരിച്ച ചട്ട പ്രകാരം സർക്കാർ ജീവനക്കാർക്ക് ബാധകമായ സേവന വ്യവസ്ഥകൾ കമീഷനിലെ ജീവനക്കാർക്കും ബാധകമെന്ന് വ്യവസ്ഥയുണ്ട്. ഇതു കണക്കിലെടുത്താണ് നിയന്ത്രണം കമീഷൻ ജീവനക്കാർക്കും ബാധകമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.