ഭിന്നശേഷി ജീവനക്കാരുടെ സ്ഥാനക്കയറ്റം: ഉത്തരവിറങ്ങി രണ്ടു വർഷമായിട്ടും നടപടിയില്ല
text_fieldsമലപ്പുറം: സർക്കാർ സർവിസിലുള്ള ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് രണ്ടു വർഷം മുമ്പ് പുറത്തിറക്കിയ ഉത്തരവ് നടപ്പാകുന്നില്ലെന്ന് ആക്ഷേപം. 2016ലെ ഭിന്നശേഷി സംരക്ഷണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി സംസ്ഥാനങ്ങൾ സ്ഥാനക്കയറ്റത്തിന് ഉത്തരവിറക്കിയിരുന്നു. 2022 ജൂലൈ 15ന് കേരള സർക്കാറും ഉത്തരവിറക്കി. എന്നാൽ, ഈ ഉത്തരവിറങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും ഒരു ഭിന്നശേഷി ജീവനക്കാരനുപോലും സ്ഥാനക്കയറ്റം നൽകാൻ ഒരു വകുപ്പിനും കഴിഞ്ഞിട്ടില്ലെന്നാണ് വസ്തുത.
സ്ഥാനക്കയറ്റം ലഭിക്കാത്തവർ കോടതിയെ സമീപിച്ചെങ്കിലും ഉത്തരവിലെ 8 (II) നമ്പർ നിബന്ധന കാരണം സ്ഥാനക്കയറ്റം നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകിയത്. ഈ നിബന്ധനപ്രകാരം നേരിട്ടും പ്രമോഷൻ വഴിയുമുള്ള തസ്തികകളിലേക്കു മാത്രമായി ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നാണ് പറയുന്നത്. എൻട്രി കേഡറിലേക്ക് നേരിട്ടുള്ള നിയമനത്തിന് സംവരണം പാലിക്കപ്പെടുന്ന സാഹചര്യത്തിൽ ആ തസ്തികയിലേക്ക് പ്രമോഷൻ സംവരണംകൂടി നൽകാൻ കഴിയില്ലെന്ന യാഥാർഥ്യത്തെ തെറ്റിദ്ധരിപ്പിച്ചാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. സ്ഥാനക്കയറ്റ സംവരണം അട്ടിമറിക്കാനാണ് ഉത്തരവിലെ നിബന്ധനകൊണ്ട് ലക്ഷ്യംവെക്കുന്നതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.