ഒ.വി. വിജയൻ കമ്യൂണിസ്റ്റ് വിരുദ്ധനെന്ന പ്രചാരണം വാസ്തവവിരുദ്ധം -എം. സ്വരാജ്
text_fieldsപാലക്കാട്: ഒ.വി. വിജയൻ കമ്യൂണിസ്റ്റ് വിരുദ്ധനാണ് എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും തന്റെ കമ്യൂണിസ്റ്റ് വിമർശനങ്ങൾ ക്രിയാത്മകമാണെന്നും ഇടതുമൂല്യങ്ങളെ താൻ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും വിജയൻ സംശയലേശമെന്യേ വ്യക്തമാക്കിയതാണെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. ഒ.വി. വിജയൻ സ്മാരക സമിതി തസ്രാക്കിൽ സംഘടിപ്പിച്ച ‘ഓർമയുടെ മന്ദാരങ്ങൾ’ ഒ.വി. വിജയന്റെ 19ാം ചരമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയനെ പൂർണമായി വിശകലനം ചെയ്യാനോ, മനസ്സിലാക്കാനോ നമുക്കിനിയും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. ഡോ. വിജു നായരങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. ആഷാമേനോൻ, പ്രഫ. പി.എ. വാസുദേവൻ, ഡോ. പി.ആർ. ജയശീലൻ എന്നിവർ സ്മരണ പങ്കുവെച്ചു.
ജ്യോതിബായ് പരിയാടത്ത് പ്രാരംഭം കുറിച്ച സെഷനിൽ, സ്മാരക സമിതി ട്രഷറർ അഡ്വ. സി.പി. പ്രമോദ് സ്വാഗതവും സമിതി അംഗം മോഹൻദാസ് ശ്രീകൃഷ്ണപുരം നന്ദിയും പറഞ്ഞു. ഒ.വി. വിജയന്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയാണ് യോഗം ആരംഭിച്ചത്.
തുടർന്ന് ഒ.വി. വിജയന്റെ കാർട്ടൂണുകൾ ആസ്പദമാക്കി നടന്ന സെമിനാർ ‘ഇത്തിരി നേരമ്പോക്ക് - ഇത്തിരി ദർശനം’ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി, പി. സുധാകരൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളീ കൃഷ്ണൻ പ്രഭാഷണം നടത്തി. കെ.പി. രമേഷ് മോഡറേറ്ററായ സെമിനാറിൽ കൃഷ്ണകൃപ വി. പ്രാരംഭം കുറിച്ചു. സ്മാരക സമിതി അംഗങ്ങളായ എ.കെ. ചന്ദ്രൻകുട്ടി സ്വാഗതവും മുരളി എസ്. കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.