പ്രചാരണം തെറ്റിദ്ധാരണ പരത്താൻ; ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ യൂനിഫോമെന്ന് കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: യൂനിഫോം ധരിക്കാതെ ഡ്രൈവർ ഡ്യൂട്ടി നിർവഹിക്കുന്നെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശരിയല്ലെന്നും ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ യൂനിഫോമാണെന്നും കെഎസ്.ആർ.ടി.സി. പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രചാരണം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.
മാവേലിക്കര യൂനിറ്റിലെ ഡ്രൈവർ പി.എച്ച്. അഷ്റഫ് തിരുവനന്തപുരം- മാവേലിക്കര സർവിസിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചത്. ജോലി ചെയ്യവെ യൂനിഫോം പാന്‍റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.
അനുവദനീയമായ രീതിയിൽ യൂനിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ നിഷ്കർഷിച്ചിട്ടുള്ള സ്കൈ ബ്ലൂ ഷർട്ടും, നേവി ബ്ലൂ പാന്‍റും തന്നെയാണ് ധരിച്ചിരിക്കുന്നതെന്നും വ്യക്തമാകുമെന്നും മാനേജ്മെന്റ് പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.