വസ്തു നികുതി പരിഷ്കരണം; മിനിമം നിരക്ക് ഈടാക്കാൻ മലപ്പുറം നഗരസഭ
text_fieldsമലപ്പുറം: നഗരസഭയിലെ വസ്തു നികുതി പരിഷ്കരണം സർക്കാർ നിശ്ചയിച്ച നിരക്കിലെ മിനിമം നിരക്ക് ഈടാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നികുതി നിരക്കുകളുടെ പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയിരുന്നു. ഇതു പ്രകാരം ലഭിച്ച ആക്ഷേപങ്ങളിൽനിന്ന് ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, വലിയ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു വലിയ നിരക്കുകൾ നിശ്ചയിച്ചതായി പരാതിയുണ്ടായിരുന്നു. ജില്ലയിലെ മറ്റു ടൗണുകളെ അപേക്ഷിച്ചു പൊതുവേ വ്യാപാരങ്ങൾ മലപ്പുറത്ത് കുറവാണെന നിരക്കു വർധന സ്ഥാപനങ്ങൾക്കു താങ്ങാവുന്നതിലധികമാണെന്നുമായിരുന്നു ആക്ഷേപം. ഇതിനെ തുടർന്നു എല്ലാ വസ്തു നികുതി നിരക്കുകളും സർക്കാർ നിശ്ചയിച്ച നിരക്കിന്റെ മിനിമം നിരക്ക് നിശ്ചയിക്കാനും സർക്കാർ നിശ്ചയിച്ച നിരക്ക് നിലവിൽ ഈടാക്കുന്ന വസ്തുനികുതിയേക്കാൾ കുറവാണെങ്കിൽ അവയിൽ മിനിമം വർധന വരുത്താനും കൗൺസിൽ യോഗം തീരുമാനിച്ചു.നഗരസഭയുടെ വ്യാപാര സമുച്ചയങ്ങളുടെ വാടക പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ഉപസമിതിയെ നിയോഗിച്ചു.
നിലവിൽ പല കെട്ടിടങ്ങൾക്കും പലരീതിയിലാണു വാടക ഈടാക്കുന്നത്. ഇത് വ്യാപാരികളിൽ നിന്നു എതിർപ്പുണ്ടാക്കുന്നുണ്ട്. പല കെട്ടിടങ്ങൾക്കും നിലവിലെ മാർക്കറ്റ് നിരക്കിനേക്കൾ എത്രയോ താഴ്ന്ന നിരക്കാണു ഈടാക്കുന്നത്. ഓരോ കെട്ടിടത്തിന്റെയും വാടക പരിസരത്തെ മറ്റു സ്ഥാപനങ്ങളുടെ വാടക നിരക്കും പരിശോധിച്ച് കൃത്യമായ നിരക്ക് നിർണയിക്കുന്നതിനാണു സമിതിയെ നിയോഗിക്കുന്നത്.
ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു, സ്ഥിരംസമിതി അധ്യക്ഷൻ പി.കെ.സക്കീർ ഹുസൈൻ, കൗൺസിലർമാരായ മഹ്മൂദ് കോതേങ്ങൽ, കെ.പി.എ. ശരീഫ്, പി.എസ്.എ.ഷബീർ, റവന്യു ഇൻസ്പെക്ടർ എന്നിവരടങ്ങിയ സംഘം പരിശോധിച്ച് മാർച്ച് 15നകം റിപ്പോർട്ട് നൽകണം.
അതുവരെ കെട്ടിട വാടക മിനിമം അഞ്ചു ശതമാനം വർധിപ്പിച്ചു ഈടാക്കും. യോഗത്തിൽ നഗരസഭാധ്യക്ഷന് മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
അനിമൽ ഷെൽട്ടർ ഹോം: പഠിക്കാൻ ഉപസമിതി
മലപ്പുറം: നഗരസഭയിൽ അലഞ്ഞ് നടക്കുന്ന തെരുവുനായ അടക്കമുള്ള മൃഗങ്ങളെ പാർപ്പിക്കാൻ അനിമൽ ഷെൽട്ടർ ഹോം സ്ഥാപിക്കുന്ന സംബന്ധിച്ചു റിപ്പോർട്ട് തയ്യാറാക്കാനും ഉപസമിതിയെ നിയോഗിച്ചു. നഗരസഭയിൽ തെരുവുനായ ശല്യം കൂടുതലാണ്. ഒട്ടേറെ പരാതികളാണ് വാർഡ് തലങ്ങളിൽ നിന്ന് ഇതു സംബന്ധിച്ചു ലഭിക്കുന്നത്. അനിമൽ ഷെൽട്ടർ ഹോം സ്ഥാപിക്കുന്നതിനു പ്രാദേശിക എതിർപ്പുകളുള്ളതിനാൽ സ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയാണ്. സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ചുള്ള സാധ്യതകൾ പഠിച്ചു റിപ്പോർട്ട് തയ്യാറാക്കാൻ സ്ഥിരസമിതി അധ്യക്ഷൻ സിദ്ദീഖ് നൂറേങ്ങൽ, കൗൺസിലർമാരായ എ.പി ശിഹാബ്, സി.കെ.സഹീർ, ജയശ്രീ രാജീവ് എന്നിവരടങ്ങിയ ഉപസമിതിയെ കൗൺസിൽ യോഗം നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.