മാതാപിതാക്കളെ പരിചരിക്കാത്ത മക്കളിൽനിന്ന് സ്വത്ത് തിരിച്ചെടുക്കും
text_fieldsതിരുവനന്തപുരം: മാതാപിതാക്കൾക്ക് പീഡനം ഏൽക്കേണ്ടിവരുന്നത് നിത്യസംഭവമായ സാഹചര്യത്തിൽ വയോജന സംരക്ഷണ നിയമത്തിൽ മാറ്റം വരുത്താനുള്ള നീക്കവുമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് ഇതുസംബന്ധിച്ച നടപടികൾ കൈക്കൊണ്ടു. നിയമവകുപ്പിന്‍റെ അനുമതി കൂടി ലഭിച്ചാൽ നിയമത്തിൽ ഭേദഗതി നടപ്പാക്കും. അതിനു മുമ്പ് കേന്ദ്ര സർക്കാർ സമാന നടപടി സ്വീകരിക്കുമെന്നാണ് വിവരം.
മാതാപിതാക്കളെ നന്നായി പരിപാലിച്ചില്ലെങ്കിൽ മക്കളിൽനിന്ന് സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്ക് കൂടുതൽ അധികാരം നൽകുന്നനിലയിലാണ് കേന്ദ്ര നിയമത്തിന്‍റെ ചട്ടം പരിഷ്കരിക്കുന്നത്. മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്ന സ്വത്ത് മാത്രമേ നിലവിലെ ചട്ടപ്രകാരം തിരിച്ചെടുക്കാനാകൂ. മെയിന്‍റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്‍റ്സ് ആൻഡ് സീനിയർ സിറ്റിസൻ നിയമത്തിന്‍റെ ചട്ടത്തിൽ കേരളം 2009ൽ ഉൾപ്പെടുത്തിയ ഈ വകുപ്പാണ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നത്.
ചട്ടം പരിഷ്കരിക്കുന്നതോടെ മക്കൾക്ക് കൈമാറിയ ഏത് സ്വത്തും മാതാപിതാക്കൾക്ക് മെയിന്‍റനൻസ് ട്രൈബ്യൂണലിന്‍റെ സഹായത്തോടെ തിരിച്ചെടുക്കാനാകും. മെയിന്‍റനൻസ് ട്രൈബ്യൂണലുകളിൽ കേസ് വാദിക്കാൻ അഭിഭാഷകർ പാടില്ലെന്ന ചട്ടവും കേരളം പുതുതായി ഉൾപ്പെടുത്തും. കക്ഷികൾ നേരിട്ട് ട്രൈബ്യൂണലിനെ സമീപിക്കണമെന്നാണ് നിയമത്തിലുള്ളത്. ട്രൈബ്യൂണലുകളിൽ ഹാജരാകാനുള്ള അഭിഭാഷകരുടെ നിയമപരമായ അവകാശം ഉപയോഗപ്പെടുത്തി കേരളത്തിൽ മെയിന്‍റനൻസ് ട്രൈബ്യൂണലിൽ അഭിഭാഷകർ ഹാജരാകുന്നുണ്ട്.
എന്നാൽ, അഭിഭാഷകരുടെ സാന്നിധ്യം ഇരുകൂട്ടരും തമ്മിൽ നിയമപരമായ മത്സരത്തിന് കാരണമാകുന്നെന്നാണ് വിലയിരുത്തൽ. 2007ൽ പ്രാബല്യത്തിൽ വന്ന നിയമത്തിൽ പരിഷ്കരണം വരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാറും. ഈ നിയമപ്രകാരം രാജ്യത്ത് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കേരളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.