അഞ്ച് കോടിയുടെ സ്വത്ത്: വെട്ടിലായി മന്ത്രി സജി ചെറിയാൻ; അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസിന് പരാതി
text_fieldsആലപ്പുഴ: മന്ത്രി സജി ചെറിയാൻ അഞ്ച് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി തന്നെ പറഞ്ഞു.
ഇതിന് പിന്നാലെയാണ് മന്ത്രിയുടേത് അനധികൃത സ്വത്ത് സമ്പാദനമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ലോകായുക്തയ്‌ക്കും വിജിലൻസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്.
മന്ത്രി സജി ചെറിയാന്റെ വസതി സംരക്ഷിക്കാൻ കെ. റെയിലിന്റെ മാപ്പിൽ മാറ്റം വരുത്തിയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയവേയാണ് മന്ത്രി തശന്റ സ്വത്തുവിവരം വെളിപ്പെടുത്തിയത്. 'തിരുവഞ്ചൂർ ഇത്ര വിലകുറഞ്ഞ ആരോപണം ഉന്നയിക്കരുത്. വീടടക്കം 5 കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്റെ മരണശേഷം അതു കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.' എന്നായിരുന്നു സജി ചെറിയാന്റെ മറുപടി.
'തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാം. എന്റെ കാലശേഷം വീട് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുമെന്നും ഡോക്‌ടർമാരായ പെൺമക്കൾ അവരുടെ സേവനം കരുണയ്‌ക്ക് നൽകുമെന്നും നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ള എനിക്ക് കെ റെയിലിന് വീട് വിട്ടുനൽകുന്നതിന് കൂടുതൽ സന്തോഷമേയുള്ളു. വീട് സിൽവർലൈനിന് വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാം. അദ്ദേഹവും കോൺഗ്രസ് നേതാക്കളും ചേർന്ന് കരുണയ്‌ക്ക് കൈമാറിയാൽമതി' -എന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
എന്നാൽ, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയുടെ സ്വത്ത് കാണിച്ച മന്ത്രി എങ്ങിനെയാണ് ഇത്ര ചുരുങ്ങിയ കാലയളവിൽ 5 കോടി സമ്പാദിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.