കല്ലിടൽ: അനുകൂലിച്ചവരും കൈമലർത്തി കെ-റെയിൽ പ്രതിരോധത്തിൽ
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ അനുകൂലിക്കാനെത്തിയ വിദഗ്ധരും 'കല്ലിടലിൽ' കൈമലർത്തിയതോടെ കെ-റെയിൽ പ്രതിരോധത്തിൽ. പൊലീസിനെ ഉപയോഗിച്ചു ബലപ്രയോഗത്തിലൂടെ കല്ലിടൽ നീക്കം തുടരുമ്പോഴാണ് 'സാമൂഹികാഘാതത്തിന്‍റെ ഭാഗമായി അടയാളമിടണമെന്നല്ലാതെ കല്ലിടൽ നിർബന്ധമില്ലെന്ന' മുൻ റെയിൽവേ ബോർഡംഗം സുബോധ് ജെയിന്‍റെ തുറന്നുപറച്ചിൽ അധികൃതരെ തിരിഞ്ഞുകുത്തുന്നത്.
കേന്ദ്രാനുമതിയോ പദ്ധതി നിർവഹണത്തിനാവശ്യമായ വായ്പയോ ലഭ്യമാകാതിരിക്കെ കെ- റെയിലെന്ന് പേരെഴുതിയ കല്ലുകൾ പാകുന്നതിലെ സർക്കാർ ശാഠ്യം നേരത്തേതന്നെ വിമർശനത്തിനിടയാക്കിയിരുന്നു. കല്ലിടൽ തൽക്കാലം നിർത്തിയതിനെതുടർന്ന് വിവാദങ്ങൾ കെട്ടടങ്ങിയെങ്കിലും സുബോധ് ജെയിന്‍റെ പരാമർശങ്ങൾ വീണ്ടും ചൂടേറിയ ചർച്ചക്ക് വഴിതുറക്കുകയാണ്. സി.പി.എം ശക്തികേന്ദ്രമായ കണ്ണൂരിൽ കല്ലിടലിനെതിരെയുള്ള കടുത്ത ചെറുത്തുനിൽപുകളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും.
ഏതു നിയമത്തിന്‍റെ പിൻബലത്തിലാണ് കല്ലിടൽ എന്ന ചോദ്യം തുടക്കം മുതലേ ഉയർന്നിരുന്നുവെങ്കിലും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മാത്രമല്ല പല പ്രതികരണങ്ങളും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. പദ്ധതിക്കുള്ള ഭൂമി സര്‍വേക്കായി അതിരുകല്ല് സ്ഥാപിക്കണമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിലും പരാമര്‍ശമില്ല. ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാര്‍ക്കിങ് വേണമെന്നുമാത്രം നിയമത്തില്‍ പറയവെയാണ് ഭൂമിയേറ്റെടുക്കൽ പ്രതീതി സൃഷ്ടിച്ചുള്ള കല്ലിടൽ നീക്കം. ഏതു പദ്ധതിയുടെയും സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം നടത്തി സര്‍ക്കാറിന് സര്‍വേ നടത്താമെന്ന് ഈ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം അതിര് തിരിച്ച് മാര്‍ക്ക് ചെയ്താല്‍ മതിയെന്നാണ് നിയമത്തിലുള്ളത്. അതിന് മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകും.
സ്വകാര്യഭൂമിയിൽ കല്ലിടൽ നീക്കം തകൃതിയാണെങ്കിലും പദ്ധതിക്കായുള്ള റെയിൽവേ ഭൂമിയിൽ കല്ലിടൽ ഇനിയും തുടങ്ങിയിട്ടില്ല. റെയിൽവേയുടെ 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേർത്ത് 3125 കോടിയാണ് സിൽവർ ലൈനിൽ റെയിൽവേ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയായതിനാൽ 2180 കോടി റെയിൽവേയിൽനിന്ന് കിട്ടുന്നതിൽ അനിശ്ചിതത്വമുണ്ട്. ഭൂമിയുടെ കാര്യത്തിൽ സംയുക്ത പരിശോധനക്ക് ശേഷമാകാം തീരുമാനമെന്നാണ് റെയിൽവേ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.