മദ്റസകൾ അടച്ചുപൂട്ടാനുള്ള നിർദേശം മുസ്‌ലിം അപരവൽക്കരണത്തിന് ആക്കം കൂട്ടും- ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: മദ്റസകൾ അടച്ചുപൂട്ടാനുള്ള നിർദേശം മുസ്‌ലിം അപരവൽക്കരണത്തിന് ആക്കം കൂട്ടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മദ്റസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമീഷന്റെ നിർദേശം മുസ് ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ബിനോയ് വിശ്വം അറിയിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളെ രാഷ്ട്ര ശത്രുക്കളായി പ്രഖ്യാപിക്കുന്ന വിചാരധാരയുടെ ചുവടു പിടിച്ചുകൊണ്ടാണ് ദേശീയ ബാലാവകാശ കമ്മീഷൻ മുന്നോട്ടു നീങ്ങുന്നത് എന്നത് കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ ഘടകകക്ഷികൾ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നതിൻറെ തെളിവാണ് എൽ.ജെ.പി നേതാവ് എ.കെ. ബാജ്പൈ ഇതിനെതിരായി സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള നിലപാട്. 2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിന്റെ മറപിടിച്ചു കൊണ്ടാണ് ഒക്ടോബർ 11 സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശം എന്ന് കാണാം.
ലോകത്തെവിടെയും ഫാസിസ്റ്റുകൾ പുരോഗമന ജനാധിപത്യ സംവിധാനങ്ങളുടെ മറപിടിച്ചുകൊണ്ടാണ് തങ്ങളുടെ കുടില ലക്ഷ്യങ്ങൾ നിറവേറ്റി വന്നിട്ടുള്ളതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇതര മതവിഭാഗങ്ങളിൽ പെട്ട കുട്ടികളെ മദ്റസകളിൽ നിന്ന് മാറ്റി ചേർക്കണമെന്ന് കമീഷൻ ചൂണ്ടിക്കാണിക്കുന്നു. ഇതര മതവിഭാഗങ്ങളിൽ പെട്ട ധാരാളം ആളുകളും മദ്രസയിൽ പോയിരുന്നു എന്നതാണല്ലോ ഇത് തെളിയിക്കുന്നത്. എന്തുകൊണ്ടാ ണങ്ങനെ സംഭവിച്ചത്?
1957മുതൽ അധികാരത്തിലിരുന്ന ജനകീയ സർക്കാരുകൾ പൊതുവിദ്യാഭ്യാസത്തെ സാർവത്രികമാക്കിയ കേരളത്തിൽ നിന്നുകൊണ്ട് നമുക്കത് മനസിലാക്കാൻ പ്രയാസമാണ്. വിദ്യാഭ്യാസ അവകാശനിയമം പാസാക്കുന്നതിന് മുമ്പും ശേഷവും സാധാരണക്കാരുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഇല്ലാത്ത സാഹചര്യമാണ് രാജ്യത്ത് എമ്പാടും നിലനിൽക്കുന്നത്. ' അതുകൊണ്ടാണ് മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ ഭൗതിക വിദ്യാഭ്യാസവും നൽകുകയും അതിന് സർക്കാർ ധനസഹായം നൽകുകയും ചെയ്യുന്ന ഒരു രീതി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.
ഇതിനെ ഇന്ന് വർഗീയവൽക്കരണത്തിന് ആക്കം കൂട്ടുവാൻ വേണ്ടി ദുർവ്യാഖ്യാനം ചെയ്യുകയാണ് ദേശീയ ബാലാവകാശ കമീഷൻ ചെയ്യുന്നത്. അപകടകരമായ ഈ നീക്കത്തിൽ നിന്ന് കമീഷൻ പിന്മാറണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.