ഫോണുകൾ കടത്തിയത് കേസ് അട്ടിമറിക്കാനെന്ന് പ്രോസിക്യൂഷൻ
text_fieldsകൊച്ചി: വധ ഗൂഢാലോചന കേസ് അട്ടിമറിക്കാനാണ് നടൻ ദിലീപ് മൊബൈൽ ഫോണുകൾ മുംബൈയിലേക്ക് കടത്തിയതെന്ന് പ്രോസിക്യൂഷൻ. കുടുംബത്തിലെ പുരുഷന്മാരെ മുഴുവൻ അന്വേഷണസംഘം പ്രതികളാക്കിയെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകേണ്ടിവരുമെന്നും ദിലീപ്.
ആവശ്യപ്പെട്ട ഫോണുകൾ നൽകാതിരുന്ന നടപടി നിസ്സഹകരണമായി കണക്കാക്കേണ്ടിവരുമെന്ന് കോടതി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷൻ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഈ വാദമുഖങ്ങളും കോടതിയുടെ നിരീക്ഷണങ്ങളുമുണ്ടായത്.
മറ്റൊരു കേസിലെ നിർണായക തെളിവുള്ളതിനാൽ ഫോൺ നൽകാനാവില്ലെന്ന് മാത്രമല്ല, ഫോൺ എവിടെ പരിശോധിക്കണമെന്നുപോലും പ്രതി നിർദേശിക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണിത്. സംസ്ഥാനത്ത് ഒരു പ്രതിക്കും ഇതുപോലെ പരിഗണന ലഭിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയതിന് ഏറെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാൻ തയാറാണ്.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട കേസാണിത്. അതിനാൽ, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ ഇവരോട് ആവശ്യപ്പെടണം. അന്വേഷണത്തിൽ പോരായ്മ തോന്നിയാൽ പ്രതികൾക്ക് കോടതിയെ സമീപിക്കാം. പൊതുതാൽപര്യംകൂടി പരിഗണിക്കുകയും പ്രതികൾക്ക് നൽകിയ സംരക്ഷണം നീക്കുകയും വേണം. അറസ്റ്റ് വൈകുന്നതിനാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, ഫോണിനുവേണ്ടി നിർബന്ധം പിടിക്കുന്നത് വ്യാജ തെളിവുണ്ടാക്കാനാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. പ്രായമായ അമ്മയെ മാത്രമാണ് പ്രതിചേർക്കാതെയുള്ളൂ. വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ടാബ് നഷ്ടപ്പെട്ടതായി പറയുന്നതിൽ അന്വേഷണമില്ല. അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആ കേസിലും പ്രതിയാക്കാനിടയുണ്ട്. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാൻ എങ്ങനെയെങ്കിലും കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് മാധ്യമവിചാരണ കൂടി നടക്കുന്നത്. മാധ്യമങ്ങൾ സമാന്തര കോടതിയായി പ്രവർത്തിക്കുകയാണ്. കേസിൽ ഒരു വി.ഐ.പിയുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ കേൾക്കാനില്ല. മുൻകൂർ ജാമ്യഹരജി വൈകിപ്പിച്ച് ഒരോ ദിവസവും അന്വേഷണസംഘം വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടിവരുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് ഫോണുകൾ നൽകാതിരുന്ന നടപടി നിസ്സഹകരണമായി കണക്കാക്കേണ്ടിവരുമെന്ന് കോടതി വാക്കാൽ പറഞ്ഞത്. ഫോണുകൾ എവിടെ പരിശോധനക്ക് നൽകണമെന്നതടക്കം കാര്യങ്ങൾ ചൊവ്വാഴ്ച പരിഗണിച്ച് തീർപ്പാക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.