സിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ പ്രോസിക്യൂഷൻ ഹൈകോടതിയിൽ
text_fieldsകൊച്ചി: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ പ്രോസിക്യൂഷന്റെ ഹരജി. പട്ടികവിഭാഗ പീഡന നിരോധന നിയമത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ് ജാമ്യമെന്നും ഉത്തരവ് നിലനിൽക്കാത്തതാണെന്നുമാണ് ആരോപണം. ജാമ്യം നൽകാനുള്ള സെഷൻസ് കോടതി വിലയിരുത്തലുകൾ തെറ്റാണ്.
എസ്.എസ്.എൽ.സി ബുക്കിൽ പോലും ജാതി രേഖപ്പെടുത്താതെ ജാതിരഹിത സമൂഹത്തിനായി പോരാടുന്ന പരിഷ്കർത്താവാണ് പ്രതിയെന്നും പട്ടികവിഭാഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും വിലയിരുത്തിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താൽ പരാതിക്കാരിയെ ചുംബിച്ചു എന്ന ആരോപണം വിശ്വസിക്കാനാകില്ലെന്നും വിലയിരുത്തിയിരുന്നു.
മാനസിക ബുദ്ധിമുട്ടുകളടക്കം നേരിട്ടതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന കാരണം കീഴ്കോടതി കണക്കിലെടുത്തില്ല. പട്ടികജാതിക്കാരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് യുവതിയോട് മോശമായി പെരുമാറിയത്. പ്രതി ഇത് അറിഞ്ഞില്ലെന്ന കോടതി വിലയിരുത്തൽ തെറ്റാണ്. ഈ സംഭവത്തിന് മുമ്പും മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
സിവിക്കിനെതിരായ രണ്ടാമത്തെ പീഡന പരാതിയിൽ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന പരാമർശത്തോടെ മുൻകൂർ ജാമ്യം അനുവദിച്ചത് ചർച്ചയായതിന് പിന്നാലെയാണ് ആദ്യ ഉത്തരവിലെ പരാമർശങ്ങളും വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.