ദിലീപ് ഹാജരാക്കിയ ഫോണുകൾ ആലുവ കോടതിക്ക് കൈമാറും, മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വീണ്ടും മാറ്റി. വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. വ്യാഴാഴ്ച ഉച്ചക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ഹൈകോടതി അറിയിച്ചു.
അതേസമയം, ദിലീപ് ഹാജരാക്കിയ ഫോണുകൾ ആലുവ കോടതിക്ക് കൈമാറാമെന്ന് ഹൈകോടതി വ്യക്തമാക്കി. രജിസ്ട്രാർ ജനറൽ ഇന്നു തന്നെ ആറ് ഫോണുകളും കോടതിക്ക് കൈമാറും. ഹൈകോടതിയുടെ ഈ നിർദേശം ഇരുവിഭാഗങ്ങളും സമ്മതിച്ചു. ഇതിന് പിന്നാലെ ഫോണിന്‍റെ അൻലോക്ക് പാറ്റേൺ കോടതിക്ക് കൈമാറാമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ അറിയിച്ചു.
ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിലീപ് ഹാജരാക്കിയ ഫോണുകളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. ആവശ്യപ്പെട്ട ഫോണുകളിൽ ഒരെണ്ണം ദിലീപ് ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പണ്ട് ഉപയോഗിച്ച് ഉപേക്ഷിച്ചുകളഞ്ഞ ഫോണാണ് ഇതെന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്. ഏതാണ്ട് 2000ത്തോളം കോളുകൾ ചെയ്ത ഫോണിനെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് കളവാണെന്നും ദിലീപ് തെളിവുകൾ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.
അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി ദിലീപിന്‍റെ അഭിഭാഷകനോട് പറഞ്ഞു. ദിലീപ് ഹൈകോടതി രജിസ്ട്രാർക്ക് മുന്നിൽ ഹാജരാക്കിയ ഫോണുകൾ പരിശോധിക്കാൻ കോടതി അന്വേഷണ സംഘത്തിന് അവസരം നൽകി. ഇതിനുവേണ്ടി അൽപസമയത്തേക്ക് കേസ് മാറ്റിവെച്ചിരിക്കുകയാണ്. ഇതിന് ശേഷമായിരിക്കും ഇനി കോടതി ഈ കേസ് പരിഗണിക്കുക.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണക്കോടതി തള്ളി. മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റേത് ഉള്‍പ്പെടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരുന്വേഷണത്തിന് ആറു മാസം കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.