വിദ്യ കുറ്റം സമ്മതിച്ചെന്ന് പ്രോസിക്യൂഷൻ; വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്ന് വിദ്യ
text_fieldsമണ്ണാർക്കാട്: വ്യാജരേഖയുണ്ടാക്കിയതായി വിദ്യ കസ്റ്റഡിയിൽ വെച്ച് പൊലീസിനോട് സമ്മതിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. ഫോണിൽ വ്യാജരേഖയുണ്ടാക്കിയെന്നും കേസ് വന്നപ്പോൾ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നൽകിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ പറഞ്ഞു. കേസിന്റെ തുടക്കത്തിൽ വിദ്യ ഒളിവിൽ പോയെന്നും ബോധപൂർവം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.
സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ പ്രതിയുടെ കൈയിലാണ്. വ്യാജ സർട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കിയെന്നും ഏത് ഡിവൈസിൽ ഉണ്ടാക്കിയെന്നും കണ്ടെത്തണം. പലയിടങ്ങളിൽ ഒളിവിലായിരുന്ന വിദ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഏറെ ശ്രമം നടത്തേണ്ടിവന്നു. ജാമ്യം നൽകി വീണ്ടും ഒളിവിൽപോയാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സീൽ കണ്ടെത്തിയോ എന്ന് കോടതി ചോദിച്ചപ്പോൾ സീൽ ഓൺലൈനായാണ് ഉണ്ടാക്കിയതെന്നും അതിനാൽ, കണ്ടെത്താൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ല -വിദ്യ
മണ്ണാർക്കാട്: താനൊരു സ്ത്രീയാണെന്നതും ആരോഗ്യം, വയസ്സ് എന്നിവയും പരിഗണിച്ച് ജാമ്യം നൽകണമെന്ന് വ്യാജ രേഖ കേസ് പ്രതി കെ. വിദ്യ കോടതിയിൽ ബോധിപ്പിച്ചു. മണ്ണാർക്കാട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ഈ കാര്യങ്ങൾ പറഞ്ഞത്. മഹാരാജാസ് കോളജിൽനിന്ന് പി.ജിക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നും വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും വിദ്യ കോടതിയിൽ പറഞ്ഞു. വിദ്യക്ക് പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
കേസിൽ ഹാജറാകാൻ പൊലീസ് വിദ്യക്ക് നോട്ടീസ് പോലും നൽകിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഏഴുവർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കേസിൽ ഇത്ര ആക്രമണോത്സുകത കാട്ടേണ്ട ആവശ്യമില്ല.
ജാമ്യത്തിന് ഏത് ഉപാധി അംഗീകരിക്കാനും തയാറാണ്. സാക്ഷികളുള്ള ജില്ലയിൽ പോകാതിരിക്കുക പോലും ചെയ്യാം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കാം. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പൂർണമായി സഹകരിക്കും. പാസ്പോർട്ട് ഹാജറാക്കാമെന്നും അഭിഭാഷകൻ പറഞ്ഞു.
വിദ്യ ഞായറാഴ്ച ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി
മണ്ണാർക്കാട്: വ്യാജരേഖയുണ്ടാക്കി ജോലി നേടാൻ ശ്രമിച്ചെന്ന കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്ക് ജാമ്യം. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്കുശേഷം കോടതിയിൽ ഹാജരാക്കിയ വിദ്യക്ക് മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്.
50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, കുറ്റപത്രം നൽകുംവരെ ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകുക, സംസ്ഥാനം വിട്ടുപോകരുത്, സമാനമായ കേസുകളിൽപെടരുത്, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുത് എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച വിദ്യയോട് ഞായറാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം പൊലീസ് നോട്ടീസ് നൽകി. നീലേശ്വരത്ത് വിദ്യക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അട്ടപ്പാടി രാജീവ് ഗാന്ധി കോളജിൽ വ്യാജരേഖ സമർപ്പിച്ച കേസിൽ അറസ്റ്റിലായ വിദ്യയെ വ്യാഴാഴ്ചയാണ് കോടതി കൂടുതൽ അന്വേഷണത്തിനായി അഗളി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ വിദ്യയെ കോടതിയിൽ ഹാജരാക്കി.
വിദ്യയുടെ ജാമ്യാപേക്ഷ ഉച്ചക്ക് 1.30ഓടെ മജിസ്ട്രേറ്റ് കാവ്യ സോമൻ പരിഗണിച്ചു. ദിവ്യക്ക് സ്വാധീനിക്കാൻ കഴിയുന്നവരല്ല സാക്ഷികളെന്നും കോടതി നിർദേശിക്കുന്ന എന്ത് ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാൻ തയാറാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വാദം കേട്ട കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഉച്ചക്ക് 3.30ലേക്ക് മാറ്റിവെച്ചു. ഉച്ചക്കുശേഷം കോടതി കൂടിയ ഉടനെ വിദ്യക്ക് ജാമ്യം അനുവദിച്ചതായി കോടതി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് അഞ്ചോടെ വിദ്യ കോടതിയിൽനിന്ന് പുറത്തുവന്നു. മാധ്യങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന വിദ്യ പിന്നീട് ‘മാധ്യമങ്ങൾക്ക് ഇനിയും മതിയായില്ലേ’ എന്ന് ചോദിച്ചുകൊണ്ടാണ് അഭിഭാഷകനൊപ്പം പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.