റിയാസ് മൗലവിയുടെ ചോരക്ക് പോലും വില കൽപ്പിക്കാത്ത വിധിയെന്ന് പ്രോസിക്യൂഷൻ; മേൽകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ
text_fieldsകാസർകോട്: കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെ വെറുതെവിട്ട കോടതി വിധി അത്ഭുതകരമെന്ന് പ്രോസിക്യൂഷൻ. ഒന്നാം പ്രതിയുടെ ശരീരത്തിൽ കണ്ട ചോരപ്പാടുകൾ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. റിയാസ് മൗലവിയുടെ ചോരക്ക് പോലും വില കൽപ്പിക്കാത്ത വിധിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കോടതി വിധിക്കെതിരെ മേൽകോടതി സമീപിക്കും. ഏതെങ്കിലും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നീതി ലഭിക്കേണ്ട കേസാണിത്. വിചാരണവേളയിൽ ഒരു സാക്ഷി പോലും കൂറുമാറിയില്ല. സാഹചര്യ തെളിവുകൾ പ്രതികൾക്ക് എതിരാണ്. തൊണ്ടിമുതലായ രക്തം പുരണ്ട മോട്ടോർ സൈക്കിൾ മകന്‍റേതാണെന്ന് മൂന്നാം പ്രതിയുടെ അമ്മ പറഞ്ഞിട്ടുണ്ട്.
റിയാസ് മൗലവിയെ കുത്തിയതെന്ന് പറയുന്ന കത്തിയിൽ നിന്നുള്ള ഫൈബർ കണ്ടന്‍റ് ഒന്നാം പ്രതി എടുത്ത് കൊടുത്ത കത്തിയിൽ നിന്ന് കിട്ടിയതാണ്. ഒന്നാം പ്രതിയുടെ ശരീരത്തിൽ കണ്ട ചോരപ്പാടുകൾ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കൂടാതെ, ഡി.എൻ.എ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെയും കോടതിയിൽ വിസ്തരിച്ചിരുന്നു.
മൊബൈലിൽ സെൽഫി എടുത്ത ഒന്നും രണ്ടും പ്രതികളുടെ ഫോട്ടോകൾ ഹാജരാക്കിയിരുന്നു. മൊബൈലിനെ കുറിച്ചുള്ള കാര്യങ്ങൾ വിവരിക്കാൻ വിദഗ്ധൻ അഞ്ച് ദിവസം കോടതിയിൽ ഹാജരായി. പൊലീസ് അന്വേഷണം തൃപ്തികരമാണ്. സാക്ഷികൾ കളവ് പറയാമെങ്കിലും സാഹചര്യ തെളിവുകൾ കളവ് പറയില്ല. ശക്തമായ തെളിവുകളുള്ള കേസിലെ പ്രതികളെ വെറുതേവിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കാസര്‍കോട് ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നു ദിവസത്തിനകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികള്‍ ജയിലില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.