മാഹിക്കെതിരെ വേശ്യാ പരാമർശം: പി.സി. ജോർജിനെതിരെ വീണ്ടും കേസ്
text_fieldsകോഴിക്കോട്: മാഹിയിലെ സ്ത്രീ സമൂഹത്തെയടക്കം അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ കേസ്. സി.പി.എം മാഹി ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്.
മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള 153 എ, 67 ഐ.ടി ആക്ട്, 125 ആർ.പി ആക്ട് എന്നിവ അനുസരിച്ചാണ് കേസ്.
നേരത്തെ, സ്ത്രീവിരുദ്ധ പരാമർശത്തിന് പി.സി. ജോർജിനെതിരെ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്‍റെ പരാതിയിൽ സംസ്ഥാന വനിത കമീഷൻ കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി. ജോർജ് സംസാരിച്ചുവെന്നാണ് പരാതി.
കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് പി.സി. ജോർജ് പറഞ്ഞത്.
‘കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാൻ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോൾ മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റി’ -പി.സി. ജോർജ് പറഞ്ഞു.
പരാമർശം വിവാദമായതോടെ വിശദീകരണവും ഖേദപ്രകടനവുമായി പി.സി. ജോർജ് രംഗത്തെത്തി. മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിന്‍റെ പൂർണരൂപം:
‘പ്രിയ മാഹി നിവാസികളെ,
കഴിഞ്ഞ ദിവസം എന്റെ പ്രസംഗത്തിൽ, ഞാൻ ഉദ്ദേശിച്ചത് മാഹിയിലൂടെ കടന്ന് പോകാൻ കഴിയാത്ത ഒരുകാലഘട്ടം ഉണ്ടായിരുന്നത് ദേശീയ പാതയുടെ വികസനത്തോട് കൂടി അതെല്ലാം മാറി മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ്. മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.