സംരക്ഷിത വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിർബന്ധം -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല (ഇക്കോ സെന്‍സിറ്റിവ് സോണ്‍) നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കും അനുമതി നൽകാൻ പാടില്ലെന്നും സുപ്രീംകോടതി. നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാന്‍ കഴിയൂവെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍. ഗവായ്, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി.എന്‍. ഗോദവര്‍മന്‍ തിരുമുല്‍പാട് നൽകിയ ഹരജിയിലാണ് നിര്‍ദേശം.
ദേശീയ പാര്‍ക്കുകള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റളവിൽ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാണ്. നിലവില്‍ ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫര്‍ സോണുണ്ടെങ്കില്‍ അതേപടിതന്നെ തുടരണം. ദേശീയ പാര്‍ക്കുകളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. പരിസ്ഥിതിലോല മേഖലക്കുള്ളില്‍ ഫാക്ടറികളോ മറ്റു സ്ഥിരം നിര്‍മിതികളോ അനുവദിക്കരുത്.
പൊതുതാൽപര്യാർഥം പരിസ്ഥിതിലോല മേഖലയുടെ ചുറ്റളവിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കേന്ദ്ര ഉന്നതാധികാര സമിതിയെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കണം. അവിടെനിന്നു ലഭിക്കുന്ന വിവരങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും.
സംരക്ഷിത വനവുമായി ബന്ധപ്പെട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച് ഹൈകോടതികളിലോ കീഴ്കോടതികളിലോ എന്തെങ്കിലും ഉത്തരവ് ഉണ്ടെങ്കിൽ അത് നിലനിൽക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംരക്ഷിത വനമേഖലയുടെ അനുബന്ധ പരിസ്ഥിതലോല പ്രദേശങ്ങളില്‍ നിലവിലുള്ള നിര്‍മിതികളെക്കുറിച്ച് മൂന്നുമാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി സാറ്റലൈറ്റ് ചിത്രീകരണത്തിനും ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കുന്നതിനും അതത് സംസ്ഥാന സര്‍ക്കാറുകളുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.