ഇന്ത്യയുടെ പ്രഥമ പോരാട്ടം ഭരണഘടനാ സംരക്ഷണത്തിനെന്ന് രാഹുൽ ഗാന്ധി; സഹോദരനൊപ്പം വയനാട്ടിൽ പ്രചാരണത്തിനിറങ്ങി പ്രിയങ്ക
text_fieldsമാനന്തവാടി: രാജ്യത്ത് ഇന്ന് നടക്കുന്ന പ്രാഥമിക പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പോടെയല്ല, വിനയത്തോടെയും സ്നേഹത്തോടെയും എഴുതിയതാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ന് രാജ്യത്ത് നടക്കുന്ന പ്രധാന പോരാട്ടം നമ്മുടെ രാജ്യത്തിന്റെ ഭരണഘടനക്കുവേണ്ടിയുള്ളതാണ്. നമുക്ക് ലഭിക്കുന്ന സംരക്ഷണം, നമ്മുടെ രാജ്യത്തിന്റെ മഹത്വം എല്ലാം ഭരണഘടനയിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും’ സഹോദരി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ യോഗത്തിൽ സംസാരിക്കവെ ലോക്‌സഭാ എം.പി പറഞ്ഞു.
‘ഭരണഘടന കോപത്തോടെയോ വിദ്വേഷത്തോടെയോ എഴുതിയതല്ല. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തവർ, കഷ്ടപ്പാടുകൾ അനുഭവിച്ചവർ, വർഷങ്ങളോളം ജയിലിൽ കിടന്നവർ ഒക്കെ ചേർന്ന് എഴുതിയതാണ്. അവർ വിനയത്തോടെയും സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് അത് എഴുതിയത്. ആത്മവിശ്വാസവും അരക്ഷിതത്വവും തമ്മിലുള്ള പോരാട്ടമാണിത്. ഈ പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് കോപവും വിദ്വേഷവും നീക്കി സ്നേഹം, വിനയം, അനുകമ്പ എന്നിവ പകരം സ്ഥാപിച്ച് നിങ്ങൾ സഹായിക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി സഹോദരിയുടെ ഗുണങ്ങൾ എടുത്തുകാണിക്കുകയും അവരുടെ കുട്ടിക്കാലത്തെ ഗൃഹാതുരമായ ഓർമകൾ പങ്കുവെക്കുകയും ചെയ്തു. ‘എന്റെ പിതാവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പെൺകുട്ടിയെ പോയി കെട്ടിപ്പിടിച്ച വ്യക്തിയാണ് അവൾ. നളിനിയെ കണ്ട് തിരികെ വന്നതിനു ശേഷം നളിനിയെ ഓർത്ത് വിഷമമുണ്ടെന്ന് അവൾ എന്നോട് വികാരാധീനയായി പറഞ്ഞു. അതാണ് അവൾക്ക് ലഭിച്ച പരിശീലനം. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ചെയ്യേണ്ടത് ഇത്തരത്തിലുള്ള രാഷ്ട്രീയമാണ്. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും രാഷ്ട്രീയമാണ്. വെറുപ്പിന്റെ രാഷ്ട്രീയമല്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബിസിനസ് സുഹൃത്തുക്കൾക്ക് വേണ്ടി എല്ലാം ചെയ്യുന്നുവെന്ന് കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ആക്രമണം തുടർന്നു. മോദിയുടെ സർക്കാർ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ വൻകിട വ്യവസായ സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ്. നിങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകുക എന്നതല്ല മോദിയുടെ ലക്ഷ്യം. വിദ്യാഭ്യാസമുള്ള നിങ്ങളുടെ ചെറുപ്പക്കാർക്ക് പുതിയ ജോലി കണ്ടെത്താനല്ല. മെച്ചപ്പെട്ട ആരോഗ്യമോ വിദ്യാഭ്യാസമോ നൽകാൻ വേണ്ടിയല്ല -അവർ ആരോപിച്ചു.
സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം മലയോര മണ്ഡലത്തിൽ പൊതുയോഗങ്ങളും കോർണർ മീറ്റിംഗുകളും നടത്തി പ്രിയങ്ക ഗാന്ധി ഞായറാഴ്ച മുതൽ പ്രചാരണം പുനഃരാരംഭിച്ചു. തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി നവംബർ ഏഴു വരെ കേരളത്തിൽ ഉണ്ടാവുമെന്ന് പാർട്ടി സ്രോതസ്സുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.