മദ്യശാല സമരം: എം.എൽ.എ അടക്കമുള്ളവർക്ക് നേരെ മൂത്രക്കുപ്പിയേറ്
text_fieldsകൊച്ചി: മദ്യശാലക്കെതിരെയുള്ള സമരത്തിനിടെ എം.എൽ.എ അടക്കമുള്ളവർക്ക് നേരെ മൂത്രക്കുപ്പി എറിഞ്ഞു. തുടർന്ന്, സമരക്കാർ മദ്യശാലയിലേക്ക് ഇരച്ചുകയറിയത് സംഘർഷത്തിനിടയാക്കി. പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തുനീക്കി. വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർ ഫെഡിെൻറ വിദേശ മദ്യശാല ജനവാസകേന്ദ്രത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയസമിതി നടത്തിയ കുത്തിയിരിപ്പ് സമരമാണ് സംഘർഷത്തിൽ കലാശിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് മദ്യശാല പുന്നുരുന്നി ചെട്ടിച്ചിറയിലെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത്. മദ്യശാല ജനവാസകേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സ്ത്രീകളുൾപ്പെടെ പ്രദേശവാസികൾ പ്രതിഷേധവുമായെത്തി. ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി ഉപരോധസമരവും തുടങ്ങി.
ഇതിനിടെയാണ് എം.എൽ.എക്കും പ്രവർത്തകർക്കും നേരെ മദ്യശാലക്കുള്ളിൽനിന്ന് കുപ്പിയിൽ മൂത്രം നിറച്ച് എറിഞ്ഞത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിലേക്ക് മൂത്രം വീണതായി സമരക്കാർ ആരോപിച്ചു. പ്രകോപിതരായ സമരക്കാർ ഇരച്ചുകയറി മദ്യശാല അടിച്ചുതകർത്തു. സമരക്കാരും മദ്യശാല ജീവനക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
മൂത്രം എറിഞ്ഞത് മദ്യശാലയിലെ ജീവനക്കാരാണെന്നും ആയുധധാരികളായാണ് അവർ പ്രതിഷേധക്കാരെ നേരിട്ടതെന്നും എം.എൽ.എ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ നിലയുറപ്പിച്ച എം.എൽ.എ ഉൾപ്പെടെയുള്ളവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. ആക്രമണത്തിൽ മദ്യശാലയുടെ ഷട്ടറുകളും അലമാരകളും തകർന്നു. എന്നാൽ, രണ്ടുദിവസം മികച്ചരീതിയിൽ പ്രവർത്തിച്ച മദ്യശാലക്കുനേരെ പെട്ടെന്നുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കൺസ്യൂമർഫെഡ് ജീവനക്കാർ പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.