വംശഹത്യയുടെ ബുൾഡോസറുകൾക്ക്താക്കീതായി പ്രതിഷേധ ചത്വരം
text_fieldsകോഴിക്കോട്: രാജ്യത്തിന്റെ സമാധാനവും സഹവർത്തിത്വവും തകർത്ത് ഉരുളുന്ന വംശഹത്യയുടെ ബുൾഡോസറുകളെ പിടിച്ചുകെട്ടാൻ മതേതരത്വം ആഗ്രഹിക്കുന്നവർ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിച്ച പ്രതിഷേധ ചത്വരം. 'പ്രവാചകനിന്ദയോട് നാവടക്കില്ല, ഉന്മൂലന രാഷ്ട്രീയത്തിനെതിരെ' എന്ന മുദ്രാവാക്യവുമായി മുതലക്കുളം മൈതാനിയിലാണ് ചത്വരം സൃഷ്ടിച്ചത്. ഫാഷിസ്റ്റ് ജർമനിയുടെ ചിഹ്നം കോൺസൻട്രേഷൻ ക്യാമ്പുകളായിരുന്നെങ്കിൽ മോദി ഭാരതത്തിന്റെ ചിഹ്നമായി ബുൾഡോസറുകൾ മാറിയെന്ന് പ്രതിഷേധ ചത്വരം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. പ്രവാചകനെയും മുസ്‍ലിം സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്നതിലൂടെ തങ്ങൾ ആഗ്രഹിക്കുന്ന വിദ്വേഷ രാഷ്ട്രീയം ശക്തിപ്പെടുത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഭരണകൂടം നടത്തുന്ന വിദ്വേഷപ്രചാരണത്തിന്റെ തുടർച്ച മാത്രമാണ് പ്രവാചകനിന്ദ. മുസ്‍ലിം സമൂഹത്തെ പ്രകോപിപ്പിക്കാൻ ഏറ്റവും നല്ല മാർഗം പ്രവാചകനിന്ദയാണെന്ന് ഭരണകൂടത്തിനറിയാം. അതിലൂടെ ഉന്മൂലന തത്ത്വം നടപ്പാക്കാമെന്നാണ് ഭരണകൂടത്തിന്റെ മനസ്സിലിരിപ്പ് -അദ്ദേഹം പറഞ്ഞു.
ഇന്ത്യ വംശഹത്യയിലേക്ക് നീങ്ങുകയാണെന്ന് ലോകരാജ്യങ്ങൾ തന്നെ പറഞ്ഞുതുടങ്ങിയെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി. വംശഹത്യയിലേക്ക് എത്തിക്കാൻ ഫാഷിസം എല്ലാ കാലത്തും എടുത്തുപയോഗിച്ച ആയുധമാണ് പ്രകോപനം സൃഷ്ടിക്കുകയെന്നത്. പ്രവാചകനിന്ദ ആസൂത്രിതമായി പ്രകോപനം സൃഷ്ടിക്കലാണ്. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവർക്കുപോലും പറയാനുള്ളത് കേൾക്കണമെന്ന് വ്യവസ്ഥയുള്ള നാടാണിത്. ശിക്ഷ വിധിക്കേണ്ടത് കോടതികളാണ്.
എന്നാൽ, പൊലീസ് തന്നെ ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. പ്രതിഷേധിക്കുന്നവരുടെ വീടുകൾക്കുമുകളിലൂടെ ബുൾഡോസറുകൾ ഇരമ്പിപ്പായുന്നു. ഇഷ്ടമില്ലാത്ത ആരുടെമേലും കുത്താവുന്ന ചാപ്പയായി രാജ്യദ്രോഹം മാറിയെന്ന് ഇ.ടി കുറ്റപ്പെടുത്തി. രാജ്യം ദുരന്തത്തിന്റെ വക്കിലാണെന്നും മതേതരവിശ്വാസികൾ കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.പ്രവാചകനിന്ദ കേവലം നാക്കുപിഴയല്ലെന്നും ഭരണകൂടം എത്രമാത്രം വർഗീയമായിക്കഴിഞ്ഞു എന്നതിന്റെ തെളിവാണെന്നും അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‍ലാമി അസി. അമീർ പി. മുജീബ്റഹ്മാൻ അഭിപ്രായപ്പെട്ടു. മനുഷ്യർക്ക് സാഹോദര്യത്തോടെ കഴിയാനാവാത്ത അവസ്ഥ വന്നാൽ മഹത്തായ രാജ്യം ഇല്ലാതാകുമെന്ന് കവി പി.കെ. ഗോപി ചൂണ്ടിക്കാട്ടി.
ഭരണകൂടം സമാധാന ജീവിതത്തിനു മുകളിൽ ബുൾഡോസറുകൾ പായിപ്പിക്കുമ്പോൾ നീതിപീഠം പോലും നിസ്സഹായമായി നിൽക്കുകയാണെന്ന് മാധ്യമപ്രവർത്തക പി. അംബിക അഭിപ്രായപ്പെട്ടു.ബുൾഡോസർ രാജിനെതിരെ പ്ലക്കാർഡുകളുമേന്തി നൂറുകണക്കിനുപേർ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എൻ.പി. ചെക്കുട്ടി, കെ.പി.സി.സി ജന. സെക്രട്ടറി കെ.പി. നൗഷാദലി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഹമീദ് വാണിയമ്പലം, പി.കെ. പാറക്കടവ്, ഡോ. ജാബിർ അമാനി, പി. റുക്സാന, ഡോ. നഹാസ് മാള, മുജീബ് മദനി ഒട്ടുമ്മൽ, അഡ്വ. തമന്ന സുൽത്താന തുടങ്ങിയവർ പങ്കെടുത്തു. ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സ്വാഗതവും ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.