മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: വിമാനക്കമ്പനിയുടെ റിപ്പോർട്ട് ആയുധമാക്കി പൊലീസ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി നൽകിയ റിപ്പോർട്ട് ആയുധമാക്കി പൊലീസ്. പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് സമീപത്തേക്ക് നീങ്ങിയെന്ന് ഇൻഡിഗോ കമ്പനി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നതാണ് പൊലീസ് അനുകൂലഘടകമായി കാണുന്നത്. എന്നാൽ വധശ്രമം തെളിയിക്കുകയെന്നത് പൊലീസിന് വെല്ലുവിളിയാണ്.
എന്നാൽ പ്രതിഷേധക്കാരെ മർദിച്ചെന്ന ആരോപണത്തിന് വിധേയനായ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാത്തത് നിയമവിദഗ്ധരടക്കം വിമർശിക്കുന്നത് പൊലീസിനെ വെട്ടിലാക്കിയിട്ടുമുണ്ട്. വിമാനത്തിലെ പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറിെൻറയും വിമാനത്താവള മാനേജറുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് വലിയതുറ പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിെൻറ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ ആറംഗസംഘത്തെ ഡി.ജി.പി ചുമതലപ്പെടുത്തിയിട്ടുണ്ട്. വധശ്രമക്കുറ്റം തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവുകൾ തേടുകയാണിപ്പോൾ പൊലീസ്. വിമാനത്തിലെ യാത്രികരുടെ മൊഴികളടക്കം ഇതിനായി ശേഖരിക്കേണ്ടതായുണ്ട്. വിമാനക്കമ്പനി ഇതിനകം നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാകും തുടർന്നുള്ള പൊലീസിെൻറ നീക്കങ്ങൾ.
വിമാനത്തിനുള്ളിൽ ആരെയെങ്കിലും ശാരീരികമായി ആക്രമിച്ചാൽ ഇന്ത്യൻ എയർക്രാഫ്റ്റ് ആക്ട് പ്രകാരം ഒരുവർഷം കഠിനതടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. യൂത്ത് കോൺഗ്രസുകാർക്കെതിരെ ഈ കുറ്റം ചുമത്തിയപ്പോൾ അവരെ ആക്രമിച്ചവർക്കെതിരെ കേസെടുത്തില്ലെന്നതും കോടതിയിൽ പൊലീസിന് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.