മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രതിഷേധ മാർച്ച്; പൊലീസ് ലാത്തിച്ചാർജ്, പ്രദേശത്ത് സംഘർഷം
text_fieldsകണ്ണൂർ: ജന്മനാടായ കണ്ണൂരിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിപക്ഷ സംഘടനകളുടെ വൻ പ്രതിഷേധം. തളിപ്പറമ്പിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കരിമ്പം കില കാമ്പസിലെ വേദിക്ക് സമീപം യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് രണ്ടു തവണ ലാത്തിവീശി. നിലത്തുവീണ പ്രവർത്തകനെ പൊലീസ് മർദിച്ചതായും റിപ്പോർട്ട്.
രാവിലെ മുഖ്യമന്ത്രി താമസിച്ച കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുദീപ് ജെയിംസിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിഷേധിക്കാനെത്തിയത്. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കരിമ്പം കില കാമ്പസിലേക്ക് യൂത്ത്ലീഗ് പ്രവർത്തകർ കറുത്ത കൊടിയേന്തി പ്രതിഷേധ മാർച്ച് നടത്തി. തളിപറമ്പ് ബ്ലോക്ക് ഓഫിസിന് മുന്നിൽ പ്രതിഷധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. കില കാമ്പസിന് മുന്നിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനുള്ള നീക്കവും യൂത്ത് ലീഗ് പ്രവർത്തകർ നടത്തുന്നുണ്ട്.
കണ്ണൂർ തളാപ്പിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കില കാമ്പസിൽ നിലവിൽ കറുത്ത മാസ്ക് ധരിച്ചവരെയു പൊലീസ് കടത്തി വിടുന്നുണ്ട്. കറുത്ത വസ്ത്രങ്ങളിഞ്ഞവരേയും പൊലീസ് തടയുന്നില്ല.
മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത പൊലീസ് സുരക്ഷയാണ് കണ്ണൂർ ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഡി.ഐ.ജി രാഹുൽ ആർ. നായർക്കാണ് സുരക്ഷ ചുമതല. മുഖ്യമന്ത്രി തളിപറമ്പിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് പ്രതിഷേധം.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷാസന്നാഹമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷക്കായി 500ൽപരം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിക്കുക. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിലും പൊതുപരിപാടി നടക്കുന്ന കില തളിപ്പറമ്പ് കാമ്പസിലും പ്രതിഷേധ സാധ്യതയുണ്ട്. സഞ്ചാരപാതയില്‍ എവിടെയൊക്കെ പ്രതിഷേധമുണ്ടാകുമെന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ധർമശാല മുതൽ കരിമ്പം വരെ റോഡുകളിലും ഇടറോഡുകളിലും പൊലീസിനെ വിന്യസിക്കും. കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിനാണ് സുരക്ഷചുമതല. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ പങ്കെടുക്കുന്ന പ്രതിനിധികളും മാധ്യമപ്രവർത്തകരും കില കാമ്പസിൽ എത്തണമെന്നാണ് പൊലീസ് നിർദേശം. വേദിയിൽ ഇരിക്കുന്നവരുടെ വാഹനങ്ങൾ മാത്രമേ അകത്തേക്ക് കടത്തിവിടൂ.
മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുള്ള സാഹചര്യത്തിൽ സംസ്ഥാന പാതയിൽ മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ മുതൽ ഉച്ചക്ക് മുഖ്യമന്ത്രിയുടെ പരിപാടി തീരുന്നതുവരെ വാഹനഗതാഗതത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ബസ് ഉൾപ്പെടെ വാഹനങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ, ആംബുലൻസുകളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും കടത്തിവിടുമെന്നും പൊലീസ് അറിയിച്ചു.
കരിമ്പം കില കാമ്പസിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കുമെന്ന് കോൺഗ്രസും ബി.ജെ.പിയും അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് ഇരു പാർട്ടികളും ഈ തീരുമാനം കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.