ഗവർണർക്കെതിരായ പ്രതിഷേധം: എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം
text_fieldsകടയ്ക്കൽ: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ചതിന് റിമാൻഡിലായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം. സംഭവത്തെ തുടർന്ന് അറസ്റ്റിലായ 12 പേർക്കും ജാമ്യം ലഭിച്ചു. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതിയാണ് കേസ് പരിഗണിച്ചത്.
ഗവർണർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഐ.പി.സി 124 ചുമത്തിയാണ് എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമായിരുന്നു കടയ്ക്കൽ, അഞ്ചൽ, ചടയമംഗലം ഏരിയകളിലെ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിക്കാൻ എത്തിയത്.
റോഡരികിൽ ബാനറുമായി നിന്ന പ്രവർത്തകരെ കണ്ട് ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി അടുത്തേക്ക് ചെല്ലുകയായിരുന്നു. രോഷാകുലനായ ഗവർണർ യാത്ര നിർത്തി റോഡരികിൽ കസേരയിട്ടിരുന്ന് രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. കേസെടുത്താലേ സ്ഥലത്തുനിന്ന് മാറൂവെന്നായിരുന്നു ഗവർണറുടെ നിലപാട്.
അറസ്റ്റ് ചെയ്ത‌് എഫ്.ഐ.ആർ ഉൾപ്പെടെ നൽകിയശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്. കോടതി റിമാൻഡ് ചെയ്ത പ്രവർത്തകർ കൊട്ടാരക്കര, അട്ടക്കുളങ്ങര ജയിലുകളിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.