കെ-റെയിലിനെതിരെ പ്രതിഷേധമിരമ്പി: അഭയാർഥി മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ അണിനിരന്നു
text_fieldsപയ്യോളി: സംസ്ഥാന സർക്കാറിെൻറ അർധ അതിവേഗ റെയിൽ കോറിഡോർ പദ്ധതിയായ സിൽവർ ലൈനിനെതിരെ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ ഇരകളുടെ പ്രതിഷേധമിരമ്പി. കെ- റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നന്തി നാരങ്ങോളികുളത്ത് ആരംഭിച്ച അനിശ്ചിതകാല സമരം നൂറാം ദിവസം പിന്നിടുന്നതിെൻറ ഭാഗമായായിരുന്നു പരിപാടി.
ശനിയാഴ്ച രാവിലെ പത്തിന് നാരങ്ങോളികുളത്തെ സമരപ്പന്തലിൽ നിന്നാരംഭിച്ച അഭയാർഥി മാർച്ചിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേർ അണിനിരന്നു.ആടുമാടുകളും അടുക്കള പാത്രങ്ങളും വിറകും വീട്ടുസാധനങ്ങളുമായാണ് ദേശീയപാതയോരത്തെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരക്കാർ പൊരിവെയിലത്ത് കുത്തിയിരിപ്പ് സമരം നടത്തിയത്.
തുടർന്ന് വീട്ടമ്മമാരും സമരപോരാളികളും ചേർന്ന് പാതയോരത്ത് അടുപ്പുകൂട്ടി പ്രതിഷേധാഗ്നി പടർത്തി.സി.ആർ. നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക ബാധ്യത മാത്രം വരുത്തിവെക്കാവുന്ന കെ- റെയിൽ പദ്ധതി സർക്കാർ പൂർണമായും ഉപേക്ഷിച്ച് ബദൽമാർഗങ്ങൾ തേടണമെന്ന് അദ്ദേഹം പറഞ്ഞു. ഖലീൽ കുനിത്തല അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, കെ.എ. സൈഫുദ്ദീൻ, രാമചന്ദ്രൻ വരപ്പുറത്ത്, പി.എം. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദലി മുതുകുനി സ്വാഗതവും കെ. ഹുബൈബ് നന്ദിയും പറഞ്ഞു.
പദ്ധതി ആഘാതം 500 വർഷത്തേക്ക് –സി.ആർ. നീലകണ്ഠൻ
ചേമഞ്ചേരി: പാരിസ്ഥിതിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് ദുരന്തങ്ങൾ തീർക്കുന്ന അർധ അതിവേഗ പദ്ധതിക്കെതിരെ ഒരുമിച്ചുപോരാടണമെന്ന് സി.ആർ. നീലകണ്ഠൻ.
പദ്ധതിയുടെ ആഘാതം അടുത്ത 500 വർഷത്തേക്ക് കേരളത്തിലുണ്ടാകും. നിർദിഷ്ട കെ.റെയിൽ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് ജനകീയ പ്രതിരോധ സമിതി കാട്ടിലപ്പീടികയിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിെൻറ 121ാം ദിവസം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ ഒലിവ് അധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ. സഹീർ സ്വാഗതവും പ്രവീൺ ചെറുവത്ത് നന്ദിയും പറഞ്ഞു. ടി.ടി. കുഞ്ഞമ്മദ്, കോയ കോയാസ്, ബാബു നടുക്കണ്ടി, വേലായുധൻ എന്നിവർ 121ാം ദിവസം സത്യഗ്രഹമനുഷ്ഠിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.