കെ റെയിലിനെതിരായ പ്രതിഷേധം തുടരുന്നു; തിരൂരിലും ചോറ്റാനിക്കരയിലും സർവേ കല്ലുകൾ പിഴുതുമാറ്റി
text_fieldsതിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ ശനിയാഴ്ചയും ജനകീയ പ്രതിഷേധം. മലപ്പുറം ജില്ലയിലും തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും സർവേ കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. തിരൂർ വെങ്ങാലൂർ ഭാഗത്താണ് ശനിയാഴ്ച കല്ലിടൽ പുരോഗമിക്കുന്നത്. നാട്ടുകാർ സംഘടിച്ചതോടെ വെങ്ങാലൂർ ജുമാമസ്ജിദിന് സമീപം കല്ലിടൽ ഒഴിവാക്കി. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പ്രതിഷേധക്കാരിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് എറണാകുളം ജില്ലയിൽ സിൽവർ ലൈൻ സർവേ നിര്‍ത്തിവെച്ചു.
ചോറ്റാനിക്കരയിൽ കെ-റെയിലിനായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ സമരസമിതി പ്രവര്‍ത്തകര്‍ കനാലിലേക്ക് പിഴുതെറിഞ്ഞ് പ്രതിഷേധിച്ചു. ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അമ്പലത്തിനു സമീപത്തെ പാടശേഖരത്തില്‍ സ്ഥാപിച്ച ഏതാനും കല്ലുകളാണ് പിഴുതുമാറ്റിയത്. സമരസമിതിയുടെ നേതൃത്വത്തില്‍ വൻ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ചോറ്റാനിക്കരയില്‍ ശനിയാഴ്ച നടത്താനിരുന്ന സര്‍വേനടപടികള്‍ നിര്‍ത്തിവെച്ചു. സര്‍വേക്കെതിരെ പ്രതിഷേധിക്കാൻ സ്ത്രീകളടക്കമുള്ള സമരസമിതി പ്രവര്‍ത്തകര്‍ ചോറ്റാനിക്കരയില്‍ എത്തിയിരുന്നു.
പ്രതിഷേധം കണക്കിലെടുത്ത് കെ-റെയില്‍ അധികൃതര്‍ സര്‍വേ നിര്‍ത്തിവെച്ചെങ്കിലും തിങ്കളാഴ്ച മുതല്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാമലയിലും ചോറ്റാനിക്കരയിലും അധികൃതര്‍ കുറ്റി സ്ഥാപിച്ചെങ്കിലും നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. വെള്ളിയാഴ്ച സ്ഥാപിച്ച കുറ്റികളാണ് പ്രതിഷേധക്കാര്‍ പിഴുതെടുത്ത് കനാലിലെറിഞ്ഞത്.
കെ-റെയില്‍ അധികൃതര്‍ പല കാര്യങ്ങളും മറച്ചുവെക്കുകയാണെന്ന് സമരത്തിന് നേതൃത്വം നല്‍കിയ അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. കോണ്‍ഗ്രസോ രാഷ്ട്രീയ പാര്‍ട്ടികളോ സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജനങ്ങള്‍ സ്വമേധയാ പ്രതിഷേധവുമായി രംഗത്തിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
അനൂപ് ജേക്കബ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെയ്‌സണ്‍ ജോസഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറി റീസ് പുത്തന്‍വീടന്‍, യൂത്ത് കോണ്‍ഗ്രസ് പിറവം മണ്ഡലം പ്രസിഡന്റ് രഞ്ജിത് രാജന്‍, സമരസമിതി നേതാവ് സി.ഒ. ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടത്തിയത്. ബി.ജെ.പി പ്രവര്‍ത്തകരും പ്രതിഷേധത്തിനെത്തിയിരുന്നു.
കെ-റെയിൽ സമരത്തെച്ചൊല്ലി ഭരണപക്ഷ-പ്രതിപക്ഷ വാഗ്വാദങ്ങളും ചൂടുപിടിക്കുകയാണ്. കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാ വികസന പ്രവർത്തനങ്ങളെയും അദ്ദേഹം തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെ-റെയിൽ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. യു.ഡി.എഫ് കാര്യങ്ങൾ വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് ഭരണകൂടത്തിന്റെ ശ്രമമെങ്കിൽ ബംഗാളിലെ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു.
സിൽവർ ലൈൻ സമരത്തിൽ വനിതകളെയടക്കം ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ ഡി.ജി.പി ഓഫിസിലേക്ക് മാർച്ച് നടത്തി. മഹിള കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ നേതൃത്വം നൽകി.
തുടർ ഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സ്വകാര്യവ്യക്തികളുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി കെ റെയിൽ സർവേ കല്ല് സ്ഥാപിക്കാൻ കേരളം ഉത്തര കൊറിയ അല്ലെന്ന് മാർകിസ്റ്റ് സർക്കാർ മനസ്സിലാക്കണം. കല്ലായിയിലും മാടപ്പള്ളിയിലും നടന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ ബി.ജെ.പി ജനകീയ പ്രതിരോധം തീർക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.