കെ-റെയിൽ കല്ലിടൽ: മാടപ്പള്ളിയിൽ പ്രതിഷേധമിരമ്പി, സമരക്കാരെ വലിച്ചിഴച്ച് പൊലീസ്
text_fieldsകോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ- റെയില്‍ കല്ലിടാനെത്തിയ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാല് സ്ത്രീകളടക്കം 23 പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യഭീഷണി മുഴക്കി സ്ത്രീകള്‍ മണ്ണെണ്ണക്കുപ്പികള്‍ ഉയര്‍ത്തി രംഗത്തുവന്നത് സ്ഥിതി ഗുരുതരമാക്കി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരും പൊലീസിന് നേരെ തിരിഞ്ഞു. കോട്ടയം-പത്തനംതിട്ട അതിർത്തിയായ മാടപ്പള്ളി പഞ്ചായത്തിലെ റീത്തുപള്ളിപ്പടിക്കു മുന്നിൽ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പതിനൊന്നരയോടെ സർവേക്കല്ലുകളുമായി വാഹനം എത്തിയതോടെ പ്രതിഷേധം കനത്തു.
തടച്ചുകൂടിയ വൻ ജനക്കൂട്ടം വാഹനം തടഞ്ഞു. വണ്ടിയുടെ ചില്ല് സമരക്കാർ അടിച്ചുതകർത്തു. പ്രതിഷേധം ശക്തമായതോടെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. ഇതിനിടെ 12.15ഓടെ കെ-റെയിൽ ഉദ്യോഗസ്ഥര്‍ വീണ്ടും പള്ളിപ്പടിക്കു മുന്‍വശത്തുള്ള കൊരണ്ടിത്താനം വീടിന്റെ പറമ്പില്‍ കല്ലിടാനെത്തി. കനത്ത പൊലീസ് സന്നാഹവുമായാണ് ഇത്തവണ സംഘം എത്തിയത്.
പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ജനങ്ങൾ വകവെച്ചില്ല. തുടർന്ന് സമരക്കാരും പൊലീസും നേർക്കുനേർ സംഘർഷമായി. മണ്ണെണ്ണക്കുപ്പികള്‍ ഉയര്‍ത്തി സ്ത്രീകള്‍ ആത്മഹത്യ ഭീഷണി മുഴക്കി.
ഇതിനിടെ സമരക്കാർ ആള്‍ക്കൂട്ടത്തിനിടയിലേക്ക് മണ്ണെണ്ണ തളിച്ചു. സമരം ചെയ്ത സ്ത്രീകളുടെയും ഡിവൈ.എസ്.പി അടക്കമുള്ളവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ വീണതോടെ പൊലീസ് സമരക്കാർക്കു നേരെ ലാത്തി വീശി.
സമരനേതാക്കളെയും പ്രതിഷേധക്കാരെയും നിലത്ത് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റി. കുട്ടികളടക്കം സമരത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ മുന്നില്‍വെച്ച് മാതാപിതാക്കളെ അടക്കം പൊലീസ് കൈയേറ്റം ചെയ്യുന്നതുകണ്ട കുട്ടികള്‍ ഭയന്നു നിലവിളിച്ചു. മര്‍ദനത്തില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലിക്ക് പരിക്കേറ്റു.
കുഴഞ്ഞുവീണ വി.ജെ. ലാലിയെ ആശുപത്രിയിലെത്തിക്കാന്‍ ഡിവൈ.എസ്.പി പൊലീസിനോട് നിർദേശിച്ചെങ്കിലും സമരക്കാര്‍ പൊലീസിനെ തടഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്തു മാറ്റിയതോടെ യു.ഡി.എഫ്, ബി.ജെ.പി, എസ്.യു.സി.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.. കോട്ടയം ജില്ലയിൽ 16 പഞ്ചായത്തിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും.
പൊലീസ് വാഹനങ്ങളിൽ സമരക്കാരെ മാറ്റിയ ശേഷമാണ് കല്ലിടീൽ നടന്നത്. കൊരണ്ടിത്തറ തോമസ് ജോസഫിന്റെ പുരയിടത്തിലാണ് കല്ലിട്ടത്. മണ്ണെണ്ണ കുപ്പിയുമായി ഇയ്യാലിൽ റോസിലിൻ ഫിലിപ്പിനെ (ജിജി) പൊലീസ് അറസ്റ്റു ചെയ്തു നീക്കിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മകൾ സോമിയ മെറിൻ ഫിലിപ്പ് നിലവിളിച്ചത് വേദനാജനകമായി. പ്രായപൂർത്തിയാവാത്ത കുട്ടിയുമായി മണ്ണെണ്ണ കുപ്പിയുമായി സമരത്തിനെത്തിയതിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞതോടെ, നിലവിളിച്ച് പള്ളി കുരിശടിയിൽ ഇരുന്ന കുട്ടിയെ പിതാവ് ഇവിടെനിന്നും മാറ്റി.
കുട്ടിയുടെ അമ്മയെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ ശരീരത്തിൽനിന്നും രക്തം വരുന്നത് കണ്ട് കുട്ടി ഭയപ്പെട്ടു. സ്ത്രീകളെയും പുരുഷന്മാരെയും നിലത്തുകൂടി വലിച്ചിഴച്ചാണ് സമര സ്ഥലത്തുനിന്നും മാറ്റിയത്.
ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം. കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി, യു.ഡി.എഫ്, ബി.ജെ.പി, എസ്.യു.സി.ഐ എന്നിവരാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മാടപ്പള്ളിയിൽ കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് നിയോജക മണ്ഡലത്തിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.