സത്യഭാമക്കെതിരെ പ്രതിഷേധം കത്തുന്നു: സമൂഹം എവിടെ എത്തിയെന്നതിന്‍റെ ദൃഷ്ടാന്തം -സച്ചിദാനന്ദൻ
text_fieldsതൃശൂർ: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽനിന്ന് വ്യാപക പ്രതിഷേധം. സമൂഹം എവിടെ എത്തിനിൽക്കുന്നെന്ന് തുറന്ന് കാണിക്കുന്ന രണ്ട് സംഭവങ്ങളാണ് അടുത്തിടെയുണ്ടായതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ പറഞ്ഞു.
ആർ.എൽ.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപവും കർണാടക സംഗീതജ്ഞൻ ടി.എൻ. കൃഷ്ണക്ക് സമഗീത കലാനിധി പുരസ്കാരം നൽകുന്നതിനെ എതിർത്ത് രഞ്ജനി, ഗായത്രി എന്നീ ഗായികമാരുൾപ്പെടെയുള്ളവർ മദ്രാസ് മ്യൂസിക് അക്കാദമിയുടെ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നതും ഇതിനുദാഹരണമാണ്. കലാരംഗത്ത് പോലും ജാതി-വർണ വിവേചനം എത്ര ശക്തമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
അധിക്ഷേപം വേദനജനകം, പോരാടും -ആർ.എൽ.വി രാമകൃഷ്ണൻ
ചാലക്കുടി: കലാമണ്ഡലം എന്ന അതുല്യനാമം സ്വന്തം പേരിനോട് ചേർത്ത ഒരു കലാകാരി തനിക്കെതിരെ നിരന്തരം വർണപരമായ അധിക്ഷേപം തുടരുകയാണെന്ന് നർത്തകൻ ആർ.എൽ.വി രാമകൃഷ്ണൻ. സഹോദരൻ കലാഭവൻ മണിക്ക് സിനിമാരംഗത്തുണ്ടായ അനുഭവത്തെക്കാൾ കടുത്ത അനുഭവങ്ങളാണ് തനിക്ക് നൃത്തരംഗത്തുണ്ടാവുന്നത്. കറുത്തവരായ കലാകാരന്മാരുടെ അവകാശത്തിനായി സമരം ചെയ്ത് ജയിലിൽ പോകാനും മടിയില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എന്റെ വിദ്യാഭ്യാസത്തെയാണ് അവർ പരിഹസിക്കുന്നത്. 1996 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ മോഹിനിയാട്ട കളരിയിൽനിന്ന് പഠിച്ചിറങ്ങിയതാണ് ഞാൻ. നാലു വർഷ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞ ശേഷം എം.ജി സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ മോഹിനിയാട്ടത്തിൽ എം.എ പാസായി. കലാമണ്ഡലത്തിൽനിന്ന് പെർഫോമിങ് ആർട്സിൽ എം.ഫിൽ ടോപ് സ്കോററായി പാസാവുകയും തുടർന്ന് അതേ സ്ഥാപനത്തിൽ മോഹിനിയാട്ടത്തിൽ പിഎച്ച്.ഡി പൂർത്തിയാക്കുകയും ചെയ്തു. അസിസ്റ്റന്‍റ് പ്രഫസറാകാനുള്ള നെറ്റ് പരീക്ഷ പാസായി. ദൂരദർശൻ കേന്ദ്രം എ ഗ്രേഡ് ആർട്ടിസ്റ്റാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
കലാമണ്ഡലത്തിന് കളങ്കം -വൈസ് ചാൻസലർ
തൃശൂർ: കലാമണ്ഡലം സത്യഭാമയുടേതായി വരുന്ന പ്രസ്താവനകളെയും പ്രതികരണങ്ങളെയും കേരള കലാമണ്ഡലം പൂർണമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണനും രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാറും വാർത്തക്കുറിപ്പിൽ അറിയിച്ചു. പരിഷ്കൃതസമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികൾ, പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിനുതന്നെ കളങ്കമാണ്. കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥിയെന്നതിനപ്പുറം ഇവർക്ക് നിലവിൽ കലാമണ്ഡലവുമായി ഒരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.
വംശ, വർണ വിവേചനം -മന്ത്രി ആർ. ബിന്ദു
തൃശൂർ: ജാതീയവിവേചനത്തിന്റെയും വംശ- വർണവെറിയുടെയും ജീർണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ആർ.എൽ.വി രാമകൃഷ്ണനെതിരെ ഉയർത്തിയ നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു.
രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭയാണ്. ഫ്യൂഡൽ കാലഘട്ടത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ‘പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെ. നിങ്ങൾ മോഹിനിയാട്ടത്തിന്‍റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനനായ കലാകാരനാണ്. ലവ് ആൻഡ് റെസ്പെക്ട്’ -മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫ്രറ്റേണിറ്റി ഡി.ജി.പിക്ക് പരാതി നൽകി
തിരുവനന്തപുരം: സത്യഭാമക്കെതിരെ എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം ഡി.ജി.പിക്ക് പരാതി നൽകി.
ജാതിവിവേചനവും വംശീയാധിക്ഷേപം നിറഞ്ഞതുമായ പ്രസ്താവനയാണ് അവരുടേതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
കലാമണ്ഡലമെന്ന പേര് ചേർക്കാർ യോഗ്യതയില്ല -മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപം നടത്തിയ സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കലാമണ്ഡലമെന്ന മഹത്തായ സ്ഥാപനത്തിന്‍റെ പേര് കൂടെ ചേര്‍ക്കാന്‍പോലും യോഗ്യതയില്ലാത്തവരാണെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കല ആരുടെയും കുത്തകയല്ല. പ്രസ്താവന പിന്‍വലിച്ച് രാമകൃഷ്ണനോടും കേരളത്തോടും സത്യഭാമ മാപ്പ് പറയണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു
‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്’ എന്ന് മന്ത്രി വി. ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. നിറമല്ല കലയാണ് പ്രധാനമെന്നും മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കലയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. നിറത്തിന്‍റെയും ജാതിയുടേയും പേരിൽ ഒരാൾ അധിക്ഷേപിക്കപ്പെടുമ്പോൾ കലയും സംസ്കാരവും മരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
‘മോളേ സത്യഭാമേ... ഞങ്ങൾക്ക് നീ പറഞ്ഞ കാക്കയുടെ നിറമുള്ള രാമകൃഷ്ണന്‍റെ മോഹിനിയാട്ടം മതി. രാമകൃഷ്ണനോടും ഒരു അഭ്യർഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്. ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം. കറുപ്പിനൊപ്പം... രാമകൃഷ്ണനൊപ്പം’ എന്നായിരുന്നു നടൻ ഹരീഷ് പേരടിയുടെ കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.