സ്കൂൾ കലോത്സവം: ഉപജില്ല മത്സരങ്ങൾ തുടങ്ങിയശേഷം മാന്വൽ പരിഷ്കരണം
text_fieldsതിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ ഉപജില്ല മത്സരങ്ങൾ തുടങ്ങിയശേഷം മാന്വൽ പരിഷ്കരണവുമായി വിദ്യാഭ്യാസ വകുപ്പ്. പുതുതായി അഞ്ചു മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയും പങ്കെടുക്കാവുന്ന ഇനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ സംസ്കൃതോത്സവവും അറബി സാഹിത്യോത്സവത്തിലെ ഇനങ്ങളും കൂട്ടിച്ചേർത്തതാണ് പരിഷ്കരണം.
രാത്രി എട്ടിനു ശേഷം വരുന്ന മത്സരഫലങ്ങളിൽ പിറ്റേദിവസം രാവിലെ 10 വരെ അപ്പീൽ നൽകാം. അപ്പീൽ ഉത്തരവ് നൽകുമ്പോൾ കാര്യകാരണ സഹിതമാകണം നൽകേണ്ടത്. ആവശ്യമെങ്കിൽ അപ്പീൽ നൽകിയ കുട്ടിയെ നേരിൽ കേൾക്കണം. അപ്പീൽ കമ്മിറ്റി കൂടുന്നതിന്റെ മിനിറ്റ്സ് തയാറാക്കി അംഗങ്ങളുടെ അഭിപ്രായവും നിർദേശവും രേഖപ്പെടുത്തി ഒപ്പിട്ട് സൂക്ഷിക്കണം -പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. മംഗലം കളി (മാവിലരുടെയും മല വേട്ടുവരുടെയും മംഗലം കളി), പണിയ നൃത്തം (പണിയരുടെ കമ്പളക്കളി/ വട്ടക്കളി), മലപുലയ ആട്ടം (മലപുലയരുടെ ആട്ടം), ഇരുള നൃത്തം (ഇരുളരുടെ നൃത്തം -ആട്ടം പാട്ട്), പളിയ നൃത്തം (പളിയരുടെ നൃത്തം) എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്.
സ്കൂൾതല മത്സരങ്ങൾ നടത്തിയാണ് വിദ്യാർഥികളെ ഉപജില്ല മത്സരങ്ങൾക്ക് തെരഞ്ഞെടുക്കുന്നത്. പലയിടങ്ങളിലും ഉപജില്ല മത്സരങ്ങൾ തുടങ്ങിയ ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് മാന്വൽ പരിഷ്കരിച്ചത്. ഇതു കുട്ടികളെയും അധ്യാപകരെയും ഒരുപോലെ വലക്കും. നേരത്തേ ശാസ്ത്രമേളയുടെ മാന്വൽ പരിഷ്കരണവും സ്കൂൾതല മത്സരങ്ങൾ പൂർത്തിയാക്കിയശേഷമാണ് കൊണ്ടുവന്നത്. പ്രതിഷേധത്തെ തുടർന്ന് ഈ വർഷം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചു. സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരണത്തിലെ തലതിരിഞ്ഞ നടപടിയും അധ്യാപകരിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംസ്കൃതം, അറബി കലോത്സവങ്ങളിൽ പങ്കെടുക്കുന്നവർക്ക് സ്കൂൾ കലോത്സവത്തിൽ നിയന്ത്രണം
തിരുവനന്തപുരം: സംസ്കൃതോത്സവത്തിലും അറബി സാഹിത്യോത്സവത്തിലും പങ്കെടുക്കുന്നവർക്ക് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മാന്വൽ പരിഷ്കരണം. ഇനി മുതൽ സംസ്കൃതോത്സവം/ അറബി സാഹിത്യോത്സവത്തിലേത് ഉൾപ്പെടെ ഒരു മത്സരാർഥിക്ക് വ്യക്തിഗത ഇനത്തിൽ പരമാവധി മൂന്ന് ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മാത്രമേ മത്സരിക്കാനാകൂ. സംസ്കൃത- അറബി സാഹിത്യോത്സവത്തിൽ മൂന്ന് വ്യക്തിഗത ഇനത്തിൽ മത്സരിക്കുന്നവർക്ക് സ്കൂൾ കലോത്സവത്തിലെ വ്യക്തിഗത ഇനത്തിൽ പങ്കെടുക്കാൻ കഴിയില്ല.
2022-23 വർഷത്തിലെ കലോത്സവത്തിൽ മത്സരങ്ങൾക്കായുള്ള എൻട്രി സമർപ്പിക്കുന്ന ഘട്ടത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അധ്യാപക സംഘടനകളിൽനിന്നും രക്ഷാകർത്താക്കളിൽനിന്നും ഉൾപ്പെടെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ചിരുന്നു. എന്നാൽ, ഇത്തവണ ഇത് മാന്വൽ പരിഷ്കരണത്തിന്റെ ഭാഗമാക്കിയാണ് നടപ്പാക്കുന്നത്. സംസ്കൃതോത്സവം/ അറബി സാഹിത്യോത്സവം എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തത്തെ ഇതു ബാധിക്കും.
ഫലത്തിൽ ഇത് അറബി/ സംസ്കൃതം കലോത്സവങ്ങളുടെ നടത്തിപ്പിന് വെല്ലുവിളിയാകും. നേരത്തേ നിയന്ത്രണങ്ങളൊന്നുമില്ലാതെ നടന്ന മത്സരങ്ങളാണ് സ്കൂൾ കലോത്സവത്തോടൊപ്പം ചേർത്ത് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ക്യു.ഐ.പി യോഗത്തിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് തീരുമാനമെന്നാണ് ആക്ഷേപം. നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ, കേരള അറബിക് മുൻഷീസ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.