കെ-റെയിൽ സർവേ: വിവിധയിടങ്ങളിൽ ഇന്നും കനത്ത പ്രതിഷേധം
text_fieldsകോഴിക്കോട്: കെ-റെയില്‍ സർവേക്കെതിരെ വിവിധ ജില്ലകളിൽ പ്രതിഷേധം ഇന്നും തുടരുന്നു. കോഴിക്കോട് കുണ്ടുങ്ങലിൽ കല്ലിടലിനെതിരെ വലിയ പ്രതിഷേധമുണ്ടായി. മലപ്പുറം തിരുന്നാവായയിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു. കെ-റെയിൽ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞതിനെ തുടർന്ന് കോട്ടയം നട്ടാശേരിയിൽ ജനങ്ങൾ പ്രതിഷേധിച്ചു.
അതിനിടെ, കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത് നിർദേശം നൽകി. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ല ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ല പൊലീസ് മേധാവിമാർക്കാണ് ഡി.ജി.പിയുടെ നിർദ്ദേശം. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണിത്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വീണ്ടും വ്യക്തമാക്കി. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകാന്‍ യു.ഡി.എഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു.
അതേസമയം കെ -റെയിൽ കല്ലുകൾ പിഴുതെറഞ്ഞാൽ പദ്ധതി ഇല്ലാതാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.