ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ സംഘ്പരിവാർ അജണ്ടയിൽ പ്രതിഷേധത്തിര
text_fieldsകൊച്ചി: ബീഫ് നിരോധനം മുതൽ കുടിയൊഴിപ്പിക്കൽവരെയുള്ള സംഘ്പരിവാർ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നയങ്ങളിൽ ലക്ഷദ്വീപിൽ പ്രതിഷേധത്തിരയിളക്കം. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലാണ് ലക്ഷദ്വീപിെൻറ സംസ്കാരവും സ്വൈരജീവിതവും തകർക്കുന്ന അജണ്ടകളുമായി രംഗത്തെത്തിയത്.
സിവിൽ സർവിസ് ഉദ്യോഗസ്ഥർ കൈകാര്യം െചയ്തിരുന്ന പദവിയിലുള്ള ഈ രാഷ്ട്രീയ നിയമനം ദ്വീപ് കൈയടക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ജനം കരുതുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷ്യ മെനുവിൽനിന്ന് മാംസാഹാരം എടുത്തുമാറ്റുകയും ഗോവധ നിരോധന നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും െചയ്തിരിക്കുകയാണ്.
കുറ്റകൃത്യങ്ങൾ കുറഞ്ഞ സ്ഥലമെന്ന നിലയിൽ ലോകശ്രദ്ധയാകർഷിച്ച ലക്ഷദ്വീപിൽ ഗുണ്ട ആക്ട് ഏർപ്പെടുത്തിയത് കേന്ദ്രനീക്കത്തിൽ പ്രതിഷേധിക്കുന്നവരെ കുടുക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. മദ്യനിരോധിത മേഖലയായ ഇവിടെ ബാർ ലൈസൻസ് അനുവദിക്കുന്നതിലൂടെ നാടിെൻറ സംസ്കാരത്തെ ചോദ്യം ചെയ്യുകയാണെന്ന് ദ്വീപ് നിവാസികൾ ചൂണ്ടിക്കാട്ടുന്നു. നടപടിയിൽ ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷനടക്കം ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകളും നേതാക്കളും ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി രംഗത്തെത്തി.
എൻ.ആർ.സി, സി.എ.എ വിരുദ്ധ ബോർഡുകൾ സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്തതായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ ആദ്യനടപടി. രാജ്യം മുഴുവൻ കോവിഡ് വ്യാപിച്ചപ്പോഴും ദ്വീപിൽ ഒരുവർഷം ഒരു കേസുപോലും റിപ്പോർട്ട് ചെയ്യാതിരുന്നത് മുൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ കരുതൽ നടപടികൾ കാരണമായിരുന്നു. എന്നാൽ, കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തിയ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾ ഇവിടെ രോഗം വർധിക്കാൻ കാരണമായി. പഞ്ചായത്ത് റെഗുലേഷൻ -1994 പ്രകാരമുള്ള ജനപ്രതിനിധികളുടെ അധികാരങ്ങൾ അട്ടിമറിക്കുന്ന തീരുമാനമാണ് മറ്റൊന്ന്. രണ്ടിലധികം കുട്ടികളുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നതടക്കം കേട്ടുകേൾവിയില്ലാത്ത നടപടികൾക്കാണ് നീക്കം. ലക്ഷദ്വീപ് ഡെവലപ്മെൻറ് റെഗുലേഷൻ നിയമം കൊണ്ടുവന്ന് വികസന പ്രവർത്തനങ്ങൾക്കെന്ന പേരിൽ ദ്വീപുകാരുടെ സ്ഥലം അവരുടെ സമ്മതമില്ലാതെ തന്നെ പിടിച്ചെടുക്കാനുള്ള നടപടിയും ആരംഭിച്ചിരിക്കുകയാണ്. വീട് ഉൾപ്പെടെ നിൽക്കുന്ന സ്ഥലമാെണങ്കിൽ അത് പൊളിച്ചുമാറ്റണം. അല്ലാത്തപക്ഷം രണ്ട് ലക്ഷം രൂപവരെ സ്ഥലം ഉടമയുടെ മേൽ പിഴ ഇടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രധാന പദവികളിലുള്ള ലക്ഷദ്വീപുകാരായ ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയും ടൂറിസം മേഖലയിൽ 196 പേരെ പിരിച്ചുവിടുകയും ചെയ്തു. 193ഓളം സ്പോർട്സ് ജീവനക്കാരെയും നിരവധി താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. ലക്ഷദ്വീപ് ബിൽഡിങ് ഡെവലപ്മെൻറ് ബോർഡിനു കീഴിൽ വർഷങ്ങളായി ഭവന നിർമാണത്തിന് കുറഞ്ഞ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന മണ്ണ്, ചരൽ തുടങ്ങിയവയുടെ ലഭ്യത നിർത്തലാക്കി. മത്സ്യത്തൊഴിലാളികളുടെ തീരദേശത്തെ കുടിലുകൾ ഒഴിപ്പിച്ചു.
വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ജനാധിപത്യ സംവിധാനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ശക്തമായ ഇടപെടൽ നടത്തുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ വ്യക്തമാക്കി. 96 ശതമാനം മുസ്ലിംകൾ താമസിക്കുന്ന ലക്ഷദ്വീപിനെ കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് യുവ സംവിധായികയും ദ്വീപിലെ സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താന പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.