ദേശീയപാത വികസനം: പ്രതിഷേധങ്ങൾക്കിടെ സർവേക്ക് തുടക്കം
text_fieldsമലപ്പുറം: ജനകീയ പ്രതിഷേധങ്ങളെ ബലം പ്രയോഗിച്ച് നീക്കി, കനത്ത പൊലീസ് കാവലിൽ ജില്ലയിൽ ദേശീയപാത സർവേക്ക് തുടക്കം. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ വരെ 54 കിലോമീറ്റർ 45 മീറ്ററിൽ വികസിപ്പിക്കുന്നതിനുള്ള സർവേയാണ് തുടങ്ങിയത്. ദേശീയപാത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായെങ്കിലും പൊലീസ് സഹായത്തോടെ നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോയി.
വൻ പൊലീസ് സുരക്ഷയിൽ കുറ്റിപ്പുറം റെയിൽേവ മേൽപാലത്തിന് സമീപത്തുനിന്ന് രാവിലെ പത്തോടെ ആരംഭിച്ച സർവേ ഒരു മണിയോടെ അവസാനിപ്പിച്ചു. 200 മീറ്റർ ദൂരത്തിൽ ആദ്യദിനം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചു. 50 മീറ്ററിൽ ഒാരോ കല്ലുകൾ എന്ന നിലയിൽ നിലവിലുള്ള പാതയുടെ ഇരു ഭാഗങ്ങളിലുമായി എട്ട് കല്ലുകളാണ് സ്ഥാപിച്ചത്. റോഡിെൻറ ഇരുഭാഗങ്ങളിലും 22.5 മീറ്റർ ഭൂമിയാണ് രേഖപ്പെടുത്തുന്നത്.
സർവേ പൂർത്തിയായ ഭാഗങ്ങളിലെ സ്വകാര്യ സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ റവന്യൂ വകുപ്പ് രേഖപ്പെടുത്തി നഷ്ടപരിഹാരം കണക്കാക്കും. സർവേ തടയുമെന്ന് പ്രഖ്യാപിച്ച സമരസമിതി പ്രവർത്തകർ ഒമ്പതോടെ കുറ്റിപ്പുറം സിഗ്നൽ ജങ്ഷൻ കേന്ദ്രമായി സംഘടിച്ചിരുന്നു. വാഹനങ്ങളിലും നടന്നും എത്തിയ പ്രതിഷേധക്കാരെ പൊലീസ് പലയിടങ്ങളിലായി തടഞ്ഞു. വളാഞ്ചേരി റോഡിൽ മൂടാൽ ജങ്ഷൻ മുതൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ജില്ലയിൽനിന്നുള്ള പൊലീസിനൊപ്പം പാലക്കാടുനിന്നുള്ള 50 പേരും ദ്രുതകർമസേനയും സ്ഥലത്ത് നിലയുറപ്പിച്ചു.
കുറ്റിപ്പുറം സിഗ്നൽ ജങ്ഷൻ മുതൽ റെയിൽേവ പാലം അവസാനിക്കുന്ന ഇടം വരെ പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു. ഇതോടെ സർവേ നടക്കുന്ന ഭാഗത്തേക്ക് പ്രതിഷേധക്കാർക്ക് പ്രേവശിക്കാനായില്ല. പത്ത് മണിയോടെ സമരക്കാർ കുറ്റിപ്പുറം സിഗ്നൽ ജങ്ഷൻ ഉപരോധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സി.ആർ. നീലകണ്ഠൻ അടക്കമുള്ളവരെ മാറ്റി. 11ഒാടെ സ്ത്രീകൾ അടക്കമുള്ള കൂടുതൽ പേർ സമരമുഖത്തെത്തി.
ജാഥയായി റെയിൽേവ മേൽപാലത്തിലേക്ക് കടക്കാൻ സമരക്കാർ വീണ്ടും ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു. കാര്യമായ പ്രതിഷേധം ഉയരാതിരുന്നതോടെ ദേശീയപാത അധികൃതർ സർവേ നടപടികളുമായി മുന്നോട്ടുപോയി. ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണിെൻറ നേതൃത്വത്തിലാണ് സർവേ നടപടി. കുറ്റിപ്പുറം ടൗണിൽ പോസ്റ്റർ ഒട്ടിച്ച മൂന്ന് വെൽെഫയർ പാർട്ടി പ്രവർത്തകരെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ സർവേ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.