ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത: മഹാമാരിക്കിടെ കുടിയൊഴിപ്പിക്കൽ നീക്കം ജനദ്രോഹം –സമരസമിതി
text_fieldsകൊച്ചി: കോവിഡ് മഹാമാരി മൂലം ജനങ്ങളാകെ പ്രതിസന്ധിയിലായിരിക്കെ 45 മീറ്റർ ദേശീയപാത പദ്ധതിയുടെ പേരിൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള മൂവായിരത്തോളം കുടുംബങ്ങളെ ആറ് മാസത്തിനകം കുടിയൊഴിപ്പിക്കുമെന്ന കലക്ടറുടെ പ്രഖ്യാപനം ജനദ്രോഹവും ഹീനവുമാണെന്ന് എൻ.എച്ച് 17 സംയുക്ത സമരസമിതി.
ആവർത്തിച്ചുള്ള പ്രളയത്തിെൻറ കെടുതികളിൽനിന്ന് ജനം മോചിതരായിട്ടില്ല. മറ്റൊരു പ്രളയത്തിെൻറ വക്കിലുമാണ്. ഇതിനിടയിൽ കോവിഡ് മൂലം വരുമാനവും തൊഴിലും നഷ്ടപ്പെട്ട് ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. മിക്ക വീടുകളിലും ഒരു പ്രവാസിയെങ്കിലും ഉണ്ട്.
തൊഴിലും വരുമാനവും നഷ്ടപ്പെട്ട് തിരികെ എത്തുന്നവർക്ക് അന്തിയുറങ്ങാനുള്ള കൂര കൂടി ഇല്ലാതാക്കാനുള്ള സർക്കാർ നീക്കം മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്തതുമാണ്.
വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇടിച്ചു നിരത്താനുള്ള നീക്കം ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കും. ആയിരക്കണക്കിന് വീടുകളും കടകളും പൊളിച്ചടുക്കി നേരത്തേ ഏറ്റെടുത്ത 30 മീറ്റർ യാതൊന്നും നിർമിക്കാതെ പാഴായും കിടക്കുന്നു. ആദ്യ കുടിയൊഴിപ്പിക്കലിെൻറ കെടുതികളും ബാധ്യതകളും ഇപ്പോഴും തീർന്നിട്ടില്ല. നഷ്ടപരിഹാരക്കേസുകൾ കോടതികളിലാണ്.
ജനങ്ങളെ തഴഞ്ഞ് കോർപറേറ്റ് ബി.ഒ.ടി മാഫിയകൾക്ക് വേണ്ടി ഭൂമി പിടിച്ചു പറിച്ചു നൽകാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ കടുത്ത ജനരോഷം നേരിടേണ്ടി വരുമെന്ന് സംയുക്ത സമരസമിതി യോഗം മുന്നറിയിപ്പ് നൽകി.
ഹാഷിം ചേന്നാമ്പിള്ളി, കെ.വി. സത്യൻ മാസ്റ്റർ, രാജൻ ആൻറണി, ജസ്റ്റിൻ ഇലഞ്ഞിക്കൽ, പ്രഫ. കെ.എൻ. നാണപ്പൻ പിള്ള, ടോമി ചന്ദനപ്പറമ്പിൽ, ടോമി അറക്കൽ, സി.വി. ബോസ്, കെ.എസ്. സക്കരിയ്യ, ഹരിദാസ്, ജാഫർ മംഗലശ്ശേരി, അഭിലാഷ്, അബ്ദുൽ ലത്തീഫ്, അഷ്റഫ്, കെ.കെ. തമ്പി, രാജേഷ് കാട്ടിൽ, കെ. പ്രവീൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.