'ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് സി.പി.എമ്മുകാരുടെ മുഖമുദ്ര'; പ്രിയങ്ക ഗാന്ധിക്കെതിരായ പ്രചരണങ്ങളെ കേരളം തള്ളിക്കളയുമെന്ന് വി.ടി.ബൽറാം
text_fieldsകൽപറ്റ: പ്രിയങ്ക ഗാന്ധിക്കെതിരായ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയുമെന്നും ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സി.പി.എമ്മുകാരുടെ മുഖമുദ്രയെന്നും കോൺഗ്രസ് നേതാവ് വി.ടി.ബൽറാം കുറ്റപ്പെടുത്തി.
വന്യജീവി ആക്രമണങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വയനാട്ടിൽ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയർന്നാലും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ ആക്രോശങ്ങൾ ആദ്യമുയരുന്നത് വയനാട്ടിലെ പാർലമെന്റംഗത്തിനെതിരെയാണ്. എം.പിയെവിടെ എം.പിയെവിടെ എന്ന് സി.പി.എമ്മുകാർ പതിവായി വെല്ലുവിളിക്കും. എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കുകയും ചെയ്യുന്നതാണ് സി.പി.എമ്മുകാരുടെ രീതിയെന്നും ബൽറാം പറഞ്ഞു.
എം.പി ഫണ്ട് വിനിയോഗം പോലുള്ള ചുരുക്കം ചില കാര്യങ്ങളൊഴികെ ഏതെങ്കിലുമൊരു കാര്യത്തിൽ നേരിട്ടൊരു തീരുമാനമെടുക്കാൻ എം.പി.ക്ക് അധികാരമില്ല. എം.പി. എന്നത് ജനപ്രതിനിധി മാത്രമാണ്, ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും അറിയാം.
ഇപ്പോഴത്തെ വന്യജീവി ആക്രമണ വിഷയത്തിൽ സംഭവസ്ഥലത്ത് സംസ്ഥാന ഭരണാധികാരികളായ മുഖ്യമന്ത്രിയോ വനം വകുപ്പ് മന്ത്രിയോ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അവർക്കെല്ലാം മുൻപ് അവിടെയെത്തിയത് വയനാട് എംപിയാണെന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.
വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"വയനാട് കേരള സംസ്ഥാനത്തെ 14 ജില്ലകളിൽ ഒന്നാണ്. സംസ്ഥാന ഭരണകൂടത്തിൽ ഒരു മന്ത്രിയടക്കം ആ ജില്ലയിൽ നിന്നുണ്ട്. എന്നാലും വയനാട്ടിൽ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയർന്നാലും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ആക്രോശങ്ങൾ ആദ്യമുയരുന്നത് വയനാട്ടിലെ പാർലമെന്റംഗത്തിനെതിരെയാണ്. എംപിയെവിടെ എംപിയെവിടെ എന്ന് സിപിഎമ്മുകാർ പതിവായി വെല്ലുവിളിക്കും; എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കും. ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്ര.
എം.പി. എന്നത് ജനപ്രതിനിധി മാത്രമാണ്, ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും അറിയാം, സിപിഎമ്മുകാർക്കൊഴികെ. ഭരണഘടനാ പ്രകാരം സർക്കാരിന് ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് നെടുംതൂണുകളാണുള്ളതെന്ന് ഹൈസ്ക്കൂൾ തലത്തിലെ സാമൂഹ്യപാഠ പുസ്തകത്തിൽത്തന്നെ പഠിപ്പിക്കുന്നുണ്ടാവും. ഇതിൽ എക്സിക്യൂട്ടീവിനാണ് ഭരണപരമായ നടപടികൾ സ്വീകരിക്കാൻ അധികാരവും ഉത്തരവാദിത്തവുമുള്ളത്. മന്ത്രിമാരടങ്ങുന്ന സർക്കാരും ഉദ്യോഗസ്ഥരുമൊക്കെയാണ് ഈ ഭരണ നിർവ്വഹണ വിഭാഗത്തിലുള്ളത്.
എംപി ഫണ്ട് വിനിയോഗം പോലുള്ള ചുരുക്കം ചില കാര്യങ്ങളൊഴികെ ഏതെങ്കിലുമൊരു കാര്യത്തിൽ നേരിട്ടൊരു തീരുമാനമെടുക്കാൻ എം.പി.ക്ക് അധികാരമില്ല. പാർലമെന്റിനകത്തും പുറത്തുമുള്ള ഉചിതമായ വേദികളിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനും അധികാര സ്ഥാനീയരുടെ ശ്രദ്ധയിൽക്കൊണ്ടുവരാനുമാണ് എം.പി.ക്ക് കഴിയുക. വയനാട്ടിലെ എംപിമാർ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് മുമ്പിൽ ആ ഉത്തരവാദിത്തം എക്കാലവും നിർവ്വഹിച്ചു പോന്നിട്ടുണ്ട്. വനം, വന്യജീവി വിഷയങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് നേരിട്ടിടപെടാൻ ഉത്തരവാദിത്തമുള്ള ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. ഇപ്പോഴത്തെ വന്യജീവി ആക്രമണ വിഷയത്തിൽ സംഭവസ്ഥലത്ത് സംസ്ഥാന ഭരണാധികാരികളായ മുഖ്യമന്ത്രിയോ വനം വകുപ്പ് മന്ത്രിയോ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അവർക്കെല്ലാം മുൻപ് അവിടെയെത്തിയത് വയനാട് എംപിയാണെന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്.
വയനാട് എംപി ശ്രീമതി പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയും. വന്യജീവി ആക്രമണങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണം."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.