സർക്കാർ ലോ കോളേജുകളിലെ സീറ്റ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം
text_fieldsകൊച്ചി: കേരളത്തിലെ സർക്കാർ ലോ കോളജുകളിലെ സീറ്റ് വെട്ടിക്കുറിച്ച നടപടിയിൽ വ്യാപക പ്രതിഷേധം. സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കോളജുകളിലെ സീറ്റ് വെട്ടിക്കുറക്കുകയും സ്വാശ്രയ കോളജുകളില സീറ്റ് വർധിപ്പിക്കുകയും ചെയ്തതിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആഗസ്റ്റ് 8ന് പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്ക് പ്രവേശനം ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷനുകൾ വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും ത്രിവത്സര കോഴ്‌സിന്റെ സീറ്റുകളുടെ എണ്ണം 100 ൽ നിന്നും 60 ആയും പഞ്ചവത്സര കോഴ്‌സിന്‍റെ സീറ്റുകളുടെ എണ്ണം 80 ൽ നിന്നും 60 ആയാണ് വെട്ടിച്ചുരുക്കിയത്.
അതേസമയം, പല സ്വാശ്രയ ലോ കോളേജുകളിലെ സീറ്റുകൾ വർധിപ്പിച്ചു നൽകിയതായും ആരോപണമുണ്ട്. ഈ രീതിയിൽ അഡ്മിഷൻ നടന്നാൽ സാധാരണ ഗതിയിൽ ഗവണ്മെന്റ് ലോ കോളേജുകളിൽ അഡ്മിഷൻ ലഭിക്കാൻ അർഹതയുള്ള 240ഓളം വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടും. ഈ വിദ്യാർഥികൾ ഉയർന്ന ഫീസ് നൽകി സ്വാശ്രയ കോളജുകളിൽ പഠിക്കുകയോ അതിന് സാധിക്കാത്തവർ പഠനത്തിൽ നിന്ന് പിന്മാറുകയോ ചെയ്യേണ്ടതായി വരും.
ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരമാണ് പുതിയ പരിഷ്ക്കാരം എന്നാണ് വിശദീകരണം. ഒരു ക്ലാസിൽ 60ലധികം വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കില്ല എന്ന ഉത്തരവിന്‍റെ മറവിലാണ് പരിഷ്ക്കാരം. കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപക നിയമനങ്ങൾ എന്നിവയിൽ യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതും സീറ്റ് വെട്ടിക്കുറച്ചതിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ യു.ജി.സി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് അധിക ബാച്ചുകൾ അനുവദിക്കുകയും ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹികനീതി ഉറപ്പാക്കുകയും വേണമെന്നുമാണ് സാമൂഹിക, സാംസ്ക്കാരിക പ്രവർത്തകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.