വികാരി ജനറലിനെതിരെ കലാപാഹ്വാനക്കേസ്; സർക്കാറിനെതിരെ പള്ളികളിൽ പ്രതിഷേധം
text_fieldsതിരുവനന്തപുരം: മുതലപ്പൊഴിയിലെ അനിഷ്ടസംഭവങ്ങളിലും വികാരി ജനറൽ ഫാ.യൂജിൻ പെരേരക്കെതിരെ കേസെടുത്തതിലും ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികൾ കേന്ദ്രീകരിച്ച് വിശ്വാസികളുടെ പ്രതിഷേധം. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
മുതലപ്പൊഴി ദുരന്ത ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്നു ഇന്നലെ. രൂപതകളും ഇടവകകളും സംഘടനകളും കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. മിണ്ടുന്നവരുടെ വായടക്കലും കേസിൽ കുടുക്കലുമാണ് സർക്കാർ ചെയ്യുന്നതെന്നാണ് മുഖ്യ ആരോപണം. ഫാ. യൂജിൻ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത് ഇതിന് ഉദാഹരണമാണ്. സർക്കാറിനും സഭക്കുമിടയിൽ രൂപപ്പെട്ട പോർമുഖത്തേക്ക് എരിതീയിലെ എണ്ണയായിരിക്കുകയാണ് ഈ കേസ്. വിഴിഞ്ഞം സമരത്തെ തുടർന്ന് വൈദികർക്കെതിരെയടക്കം 187 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകളാകട്ടെ ഒന്നും നടപ്പാക്കാത്തതിന്റെ സ്വാഭാവിക പ്രതിഷേധങ്ങൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ നീറിക്കത്തുന്നതിനിടെയാണ് മുതലപ്പൊഴിയുടെ പേരിലെ ഏറ്റുമുട്ടൽ. ഇതു പള്ളികളിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രകടമാവുകയും ചെയ്തു.
കെ.എൽ.സി.എ, കെ.എൽ.സി.ഡബ്ല്യൂ.എ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ വികാരി മോണ്‍. ഇ. വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു. മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും എടുത്ത കള്ളക്കേസുകൾ മുഴുവൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.